ഒരു പാട്ടിയും രണ്ട് കക്ഷികളും

0

”ഒരു നേരത്തെ ആഹാരം തരാന്‍ സ്വന്തം മക്കള്‍ പോലും തയാറല്ല. പക്ഷേ പുരട്ചി തലൈവി അമ്മ എനിക്ക് ഭക്ഷണം മുടക്കാറില്ല”” ഒരു അമ്പലത്തിലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ട് വികാരഭരിതയായി ഈ വാക്കുകള്‍ പറയുന്ന പാട്ടി തമിഴ് സിനിമാ ലോകത്തെ പരിചിത മുഖമാണ്. ജി ടി കസ്തൂരി എന്ന് അറിയപ്പെടുന്ന ‘കസ്തൂരിപ്പാട്ടി.” സിനിമയില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയമില്ലാത്തതു പോലെ, ഇത്തവണ എതിരാളികളെ വിമര്‍ശിക്കാനും സ്ത്രീജനങ്ങളെ ആകര്‍ഷിക്കാനും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുത്തിരിക്കുന്ന പ്രധാന പ്രചാരണ ആയുധം ഇത്തരത്തില്‍ അന്നത്തിലും അഴിമതിയിലും മദ്യത്തിലും കണ്ണീരൊഴുക്കി തലൈവന്മാരേയും തലൈവികളേയും വികാരനിര്‍ഭരമായി പുകഴ്ത്തുന്ന ഹ്രസ്വചിത്രങ്ങളാണ്. പക്ഷേ ഇവിടെ യാഥാര്‍ത്ഥ്യം സിനിമയില്‍ നിന്ന് ഏറെ അകലയല്ലാത്തതു കൊണ്ടും എതിരാളിയുടെ ആയുധം കൊണ്ടു തന്നെ എതിരാളിയെ തിരിച്ചടിക്കുക എന്ന തന്ത്രം കൊണ്ടുമാകാം എഐഎഡിഎംകെയുടെ ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിച്ച കസ്തൂരിപ്പാട്ടിയെ ഡി എം കെയും തങ്ങളുടെ പരസ്യങ്ങളിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചത്.

”അഭിനയം എന്റെ തൊഴിലാണ്. അതിന് കക്ഷിവ്യത്യാസമില്ല. ആദ്യം ഒരു ഏജന്റ് എന്നെ സമീപിച്ച് എഐഡിഎംകെയുടെ ഒരു പ്രൊമോയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. അന്ന് എനിക്ക് അറിയില്ലായിരുന്നു അത് ഇലക്ഷന്‍ പ്രൊമോ ആണെന്ന്. എങ്കിലും അത് ഒരു ഹ്രസ്വചിത്രമായിരുന്നു. അതിനു ശേഷം അല്‍പ ദിവസം കഴിഞ്ഞാണ് മറ്റൊരു ഏജന്റ് വന്ന് ഒരു പരസ്യത്തിലേക്ക് ഒരു സഭാഷണം പറയാന്‍ ആവശ്യപ്പെട്ടത്. അത് ഡിഎംകെയുടെ ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ടിയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. എ ഐ എ ഡി എം കെയുടെ പ്രൊമോയ്ക്ക് 1500 രൂപയും ഡി എം കെയുടെ പ്രൊമോയ്ക്ക് 1000 രൂപയും എനിക്ക് കിട്ടി,”” കസ്തൂരി പറയുന്നു. ”സിനിമയില്‍ ഒരു വൃദ്ധയുടെ റോള്‍ ഉണ്ടെന്ന് സംവിധായകന്‍ പറയുമ്പോഴായിരിക്കും മിക്ക കാസ്റ്റിങ് ഏജന്റുമാരും എന്നെ വിളിക്കുക. അതു കൊണ്ടാകാം ഈ ഇലക്ഷന്‍ ഏജന്റുമാരും എന്നെ വിളിച്ചത്. അല്ലാതെ എനിക്ക് പ്രത്യേക രാഷ്ട്രീയമൊന്നും ഇല്ല. ഈ പ്രായത്തിലും മത്സരിക്കാനുള്ള കരുണാനിധിയുടെ നിശ്ചയദാര്‍ഢ്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതുപോലെ തന്നെ ധാരാളം ക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ച ജയലളിതയേയും,”” കസ്തൂരി പറയുന്നു.

25 വര്‍ഷക്കാലയവില്‍ 300-ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഈ 67-കാരി ഇന്നും രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പോരാട്ടത്തിലാണ്. ”ചില സിനിമയിലുള്ള അവസരങ്ങളും പിന്നെ പെന്‍ഷനും. അതാണ് എന്റെ ജീവനോപാധികള്‍,”” കസ്തൂരി പറയുന്നു. ഇതില്‍ ഏത് കക്ഷി ഭരണത്തിലേറിയാലും കസ്തൂരി കസ്തൂരിപ്പാട്ടിയായിത്തന്നെ തുടരും എന്നത് യാഥാര്‍ത്ഥ്യം!