പയ്യന്നൂരിലെ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയുടെ രൂപ സാദൃശ്യമുള്ള ഒരാളുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്‍റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.
സൈഡ് ആംഗിളില്‍ നിന്നുള്ള ചിത്രം എത്ര സൂക്ഷിച്ച് നോക്കിയാലും അത് മോദിയല്ലെന്ന് പറയാനാവില്ല. പിന്നാലെ ചിത്രത്തിന് അടിക്കുറിപ്പുകളുമായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റുകള്‍ നിറഞ്ഞു. മിക്ക പോസ്റ്റുകളും മോദിയുടെ അടിക്കടിയുളള യാത്രയെ ഈ ചിത്രത്തോട് കൂട്ടിക്കെട്ടിയായിരുന്നു. ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞതോടെ പൊലീസും രംഗത്തെത്തി.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെുടത്തിയ നടപടിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സൈബര്‍ സെല്‍ എഐബി കോമഡി ഗ്രൂപ്പിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന മോദിയെയും സ്‌നാപ്പ് ചാറ്റിന്റെ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ചിത്രം പ്രചരിപ്പിച്ചതിനുമാണ് എഐബി കോമഡി ഗ്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രം മോദിയെ അപമാനിച്ചുവെന്നും ദേശീയ വികാരത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതി യിലുള്ളത്.
പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രനാണ് ചിത്രത്തിലെന്നാണ് വിവരം. ബാംഗ്ലൂരില്‍ നിന്ന് നാട്ടില്‍ അമ്മയെ കാണാന്‍ വന്ന് തിരിച്ച് മടങ്ങാന്‍ തീവണ്ടി കാത്ത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ആരോ പകര്‍ത്തി വാട്സാപ്പിലിട്ടതാണ് ചിത്രം.