ഈ ചിന്തകള്‍ക്ക് നിറമുണ്ട്

0

#ചിന്തകള്‍ക്ക് നിറമുണ്ടോ? അടുത്തിടെ ഫേസ്ബുക്കില്‍ നിറഞ്ഞൊരു ഹാഷ് ടാഗ് ആയിരുന്നു ഇത്..പിന്നാലെ തന്നെ ‘ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍’ എന്നാ വരികള്‍ ഫേസ്ബുക്കില്‍ പാറിനടക്കാന്‍ തുടങ്ങി. കേട്ടവര്‍ കേട്ടവര്‍ സംഭവം എന്താണെന്ന് അന്വേഷിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഒരു കൂട്ടം സ്ത്രീഹൃദയങ്ങള്‍, പക്ഷെ എല്ലാവരുടെയും ചിന്തകള്‍ക്ക് ഒരേ നിറം,സ്നേഹത്തിനു ഒരേ ഭാവം.

പല പ്രായത്തിലുള്ള 750 ഓളം പ്രതിഭാധനരായ വനിതകളുടെ ഒരു കൂട്ടായ്മ, അവരുടെ ഒരു സ്വപ്നമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്.  750 ഓളം വനിതങ്ങൾ അംഗങ്ങളായ ക്വീൻസ് ലോ‌ഞ്ച് എന്ന വനിതാ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം  അനുബന്ധിച്ചാണ്ഗ്രൂപ്പിലെ അംഗങ്ങളുടെ കൃതികൾ ഉൾപ്പെടുത്തി ‘ഒറ്റ നിറത്തിൽ മറഞ്ഞിരിക്കുന്നവർ’ എന്ന പേരിൽ ആദ്യ പുസ്തകം ഇറങ്ങിയത്.

സ്ത്രീകള്‍ കൂടുന്നിടം എല്ലാം പരദൂഷണകേന്ദ്രങ്ങള്‍ എന്ന് കളിയാക്കുന്നവര്‍ അറിയണം ഈ പെണ്‍ക്കൂട്ടയ്മയുടെ വേറിട്ട വഴികള്‍. കുറച്ചു പ്രതിഭകളില്‍ നിന്നാരംഭിച്ച ഈ കൂട്ടായ്മ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഒരേ മനസ്സും ചിന്തകളുമുള്ള 750 ഓളം അംഗങ്ങളിലാണ്..ഇരുപതു മുതല്‍ എഴുപതു വരെ പ്രായത്തിലുള്ള സ്ത്രീജനങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

2016 സെപ്റ്റംബറിലാണ് ക്വീൻസ് ലോഞ്ച് (Queens Lounge) എന്ന ഫേസ്ബുക് കൂട്ടായ്മയുടെ തുടക്കം. ഉദ്യോഗസ്ഥകളായ സ്ത്രീകളും, വീട്ടമ്മമ്മാരും, വിദ്യാര്‍ഥിനികളും എല്ലാവരും ഈ സംഘത്തിലുണ്ട്. വലിയ വലിയ ചര്‍ച്ചകളുടെ വേദി മാത്രമല്ല ഈ പെണ്ണിടം , ചെറിയ കാര്യങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഇടം കൂടിയാണിത്. ഗ്രൂപ്പിലെ ഏതൊരു അംഗത്തിനും എന്താവശ്യത്തിനും ലോകത്തിന്റെ എതെങ്കിലും ഭാഗത്ത് നിന്ന് എന്ത് സഹായവും ഇവിടുത്തെ കൂട്ടുകാര്‍ നല്‍കാന്‍ സന്നദ്ധരാണ്. വലിയ സന്തോഷങ്ങളും അത് പോലെ തന്നെ നോവുകളിലും ഇവര്‍ പരസ്പരം ചേര്‍ത്തുപിടിക്കും. എന്തിനും ഏതിനും കൈയെത്തും ദൂരത്തോരാള്‍, ഒരു സുഹൃത്ത് ഉണ്ടെന്ന തോന്നല്‍ തന്നെയാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ സന്തോഷം.

Image may contain: 15 people, people smiling, people standing, child and indoor

ഇവിടെ എല്ലാവരും പ്രതിഭാധനരാണ്, ഓരോരുത്തരും ഇവിടെ റാണിമ്മാരാണ്.  പലരുടെയും ഒളിച്ചു വെച്ചഎത്രയോ സര്‍ഗ്ഗാത്മകകഴിവുകള്‍ വെളിച്ചം കാണാന്‍ ഈ കൂട്ടായ്മ വേദിയായിരിക്കുന്നു. ടീം അഡ്മിൻമ്മാര്‍ ഈ കൂട്ടായ്മ കൊണ്ട് ഉദേശിക്കുന്നതും  ഇതൊക്കെ തന്നെയാണ്. വീടുകളുടെ നാല് ചുവരുകളില്‍ ഒതുങ്ങി പോകാതെ, തങ്ങളുടെ ചിന്തകള്‍ക്ക് നിറം പകരാന്‍, ഉള്ളു തുറന്നൊന്നു സംസാരിക്കാന്‍, കൂട്ടിനൊരു ആത്മസഖിയെ തേടുന്നവരാണ് ഇവിടുത്തെ അംഗങ്ങള്‍. ഇവിടെ അതിനു ഒരാള്‍ക്ക് പകരം നിറഞ്ഞ സൗഹൃദത്തോടെ ഓരോരുത്തരെയും വരവേറ്റുന്നത് 750 കൂട്ടുകാര്‍ എന്ന് മാത്രം.

ഫേസ്ബുക്കിലെ ഈ രഹസ്യപെണ്‍കൂട്ടയ്മയുടെ ചിന്തകളെ വായനക്കാരുടെ മുന്നില്‍ കൂടി കൊണ്ടെത്തിക്കണം എന്ന ചിന്തയാണ് ‘പെണ്ണിടം’ എന്ന ഫേസ്ബുക്ക് പേജിന്റെ തുടക്കത്തിനു കാരണമായത്‌. ഒന്‍പതിനായിരത്തിലധികം പേര്‍ പിന്തുടരുന്ന ഈ ഫേസ്ബുക്ക് പേജില്‍ വരുന്നതെല്ലാം ഈ വനിതകളുടെ രചനകളാണ്. തങ്ങളെ വായിക്കാനും അഭിനന്ദിക്കാനും ഇത്രയും പേര്‍ ഉണ്ടെന്നത് തന്നെ പകരുന്ന ആത്മവിശ്വാസം ചെറുതല്ല. ഗ്രൂപ്പില്‍ വരുന്ന മികച്ച രചനകള്‍ ആണ് പെണ്ണിടത്തിലേക്ക് വരുന്നത്. തീക്ഷ്ണമായ ജീവിത അനുഭവങ്ങള്‍ മുതല്‍ നുറുങ്ങു കഥകള്‍ വരെ വേറിട്ട ശൈലിയില്‍ ഭാഷയില്‍ ഇവര്‍ പകര്‍ത്തുന്നു. അങ്ങനെയാണ് തങ്ങള്‍ക്കും

സ്വന്തമായൊരു പുസ്തകം എന്ന ആശയത്തിലേക്ക് ക്വീൻസ് ലോഞ്ച് വരുന്നത്. തിരഞ്ഞെടുത്ത എഴുത്തുകാരുടെ കൃതികള്‍ ആണിവിടെ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. 75 ഓളം പേര് ചേർന്ന് എഴുതിയ കഥകളും കവിതകളും ലേഖനങ്ങളുമാണ് ‘ഒറ്റ നിറത്തിൽ മറഞ്ഞിരിക്കുന്നവർ’ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം. ഓരോന്നും ഒന്നിനൊന്നു മികച്ച രചനകള്‍. തങ്ങളുടെ ആദ്യ പുസ്തകം തങ്ങളുടെ ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തിന് തന്നെ പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലാണ് ക്വീൻസ് ലോഞ്ചിലെ ഓരോ പെണ്‍ഹൃദയവും. നടി റീമ കല്ലിങ്കൽ , ബെന്യാമിൻ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഇതൊരു തുടക്കം മാത്രമാണ് ഈ പെണ്‍കൂട്ടായ്മയ്ക്ക്..ഇനിയും ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍, സ്വപ്നങ്ങള്‍ കാണാന്‍, തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍..എല്ലാത്തിനും ഇവര്‍ക്ക് ഊര്‍ജ്ജമാകുകയാണ് ഈ കൂട്ടായ്മ….