അബുദാബി: യുഎഇയില്‍ ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. നാഷണല്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ വില വിവരം അനുസരിച്ച് രാജ്യത്ത് ഫെബ്രുവരി ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വില കൂടും.
സൂപ്പര്‍ 98 പെട്രോളിന് നിലവില്‍ 2.78 ദിര്‍ഹമാണെങ്കില്‍ ഒന്നാം തീയ്യതി മുതല്‍ അത് 3.05 ദിര്‍ഹമായി വര്‍ദ്ധിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.67 ദിര്‍ഹത്തിന് പകരം 2.93 ദിര്‍ഹമായിരിക്കും പുതിയ വില. ഇ – പ്ലസ് 91 പെട്രോളിന് ഫെബ്രുവരിയില്‍ 2.86 ദിര്‍ഹമായിരിക്കും വില. നിലവില്‍ 2.59 ദിര്‍ഹമാണ് ഇ-പ്ലസ് 91 പെട്രോളിന്റെ വില.
ഡീസല്‍ വിലയിലും അടുത്ത മാസം വര്‍ദ്ധനവുണ്ടാകും. ഇപ്പോഴുള്ള 3.29 ദിര്‍ഹത്തില്‍ നിന്ന് 3.38 ദിര്‍ഹമായാണ് ഡീസല്‍ വില വര്‍ദ്ധിക്കുക. നിലവില്‍ 27 ഫില്‍സ് വരെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ദ്ധനവ് വന്നത്. എന്നാല്‍ ജനുവരിയില്‍ ഇന്ധന വിലയില്‍ 52 ഫില്‍സ് വരെ കുറവ് വരുത്തിയിരുന്നു.