ക്വാലാലംപൂര്‍ എന്ന കേട്ടാല്‍ തന്നെ അവിടേക്ക് സഞ്ചരിച്ചില്ലാത്ത പോലും ആളുകളുടെ മനസിക്കെത്തുന്ന ചിത്രമാണ് പട്രോണാസ് ട്വിന്‍ ടവറിന്‍റേത്. ക്വാലാലംപൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഇരട്ട ഗോപുരങ്ങള്‍ക്ക് അവയുടെ ഭംഗിയേക്കാളേറെ പ്രത്യേകതകളും ഉണ്ട്.
സ്റ്റീലിന്റെയും, ഗ്ലാസിന്‍റെയും ചട്ടകൂട്ടില്‍ നില്‍ക്കുന്ന ഈ ടവറിന്‍റെ രാത്രി കാഴ്ച ലോകത്തിലെതന്നെ അപൂര്‍വ്വകാഴ്ചകളില്‍ ഒന്നാണ്. 88 നിലകളാണ് ഈ ടവറിനുള്ളത്. ഇതില്‍ നിരവധി സുവിനിയര്‍ ഷോപ്പുകളും,ശാസ്ത്രകേന്ദ്രവും, ഫില്‍ഹാര്‍മോണിക്ക് തീയറ്ററുകളും, പ്രവര്‍ത്തിക്കുന്നു.
ഒരുടവറിന്‍റെ നാല്‍പ്പത്തിഒന്നാം നിലയെയും,അടുത്ത ടവറിന്‍റെ നാല്‍പ്പത്തിരണ്ടാം നിലയെയും ബന്ധിപ്പിക്കുന്ന ഒരു ആകാശപ്പാലമുണ്ട്. ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ചയെ അതി മനോഹരം എന്ന് വിശേഷിപ്പിച്ചാല്‍ അത് വളരെ കുറഞ്ഞ് പോയെന്ന് ഇവിടെയെത്തിയ ഏതൊരു സഞ്ചാരിയും പറയും.
ചിത്രങ്ങളില്‍ കാണുന്നപോലെയല്ല യഥാര്‍ത്ഥത്തില്‍ ഈ പാലം രണ്ട് ടവറുകളിലും ബന്ധിപ്പിച്ചിട്ടില്ല. മറിച്ച്, സ്വതന്ത്രമായി കോമ്പസ്സിന്‍റെ ആകൃതിയിലുള്ള തൂണുകളില്‍ നില്‍ക്കുകയാണ് ഈ പാലം. ഉയരമുള്ള കെട്ടിടങ്ങള്‍ വന്‍കാറ്റില്‍ ചെറുതായി ഉലയുവാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പാലം കെട്ടിടത്തില്‍ തൊടാതെ നിര്‍മ്മിച്ചിരിക്കുന്നത്.
രാവിലെ പത്തുമണി മുതല്‍ ടവര്‍ കാഴ്ചക്കര്‍ക്കായി തുറക്കും.നിശ്ച്ചിത ആളുകളെ മാത്രമേ ദിവസവും ടവറില്‍ കയറ്റിവിടുകയുള്ളൂ. അത് കൊണ്ട് തന്നെ വളരെ പുലര്‍ച്ച മുതല്‍ ഇങ്ങോട്ടേക്ക് ടിക്കറ്റെടുക്കാനുള്ള നീണ്ട ക്യൂ രൂപപ്പെട്ട് തുടങ്ങും. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ സൗകര്യമുണ്ട്.
ക്വാലാലംപൂരില്‍ എത്തുന്നവര്‍ ഒരിക്കലും വിട്ടുകളയരുത്, ഈ ദൃശ്യഭംഗി നേരിട്ടൊന്ന് ആസ്വദിക്കാന്‍.