ഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന് സൂചന. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ചു. ജൂലൈ 3 തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് യോഗം നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി ബിജെപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻ രാജ്യസഭാ എംപിയായിരുന്നു സുരേഷ് ഗോപി. പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇ.ശ്രീധരൻ. ഇരുവരെയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെയും അഭ്യൂഹം ഉണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ ബിജെപിയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം.