കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

0

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 6.20-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.

2019-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് പ്രധാന കൃതികൾ.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായാണ് ജനനം. അഞ്ചാലുംമൂട് കരീക്കോട്, ശിവറാം സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എസ്.എന്‍ കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.

രമേശന്‍ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ്. അഗ്‌നിയാവണമെനിക്കാളിക്കത്തണം എന്നതാണ് ആദ്യഗാനം. ആശംസകളോടെ, അങ്കിള്‍ ബണ്‍, മാളൂട്ടി, വസുധ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിച്ചു.