തൃശ്ശൂര്‍: പ്രമുഖ മലയാളം കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എട്ടു പതിറ്റാണ്ടോളം നീണ്ട കാവ്യജീവിതത്തിൽ ‘കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാൾ’ തുടങ്ങിയ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ അധ്യാപനവൃത്തിക്കു വിരാമമിട്ട് തൃശൂർ നഗരത്തിൽ സഹധർമിണി ശ്രീദേവിക്കൊപ്പം സ്‌ഥിരതാമസമാക്കി.
സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുരുന്നു.1996ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.