പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ ലഘുപാനീയങ്ങളില്‍ വന്‍ തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പരിശോധന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെപ്‌സി, കൊക്കകോള, സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍ അപ് തുടങ്ങിയവയില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യമുള്ളതായി ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംങ് ഗുലസ്‌തെ രേഖാമൂലം രാജ്യ സഭയില്‍ അറിയിച്ചു.
കൊല്‍ക്കത്തയിലെ നാഷണല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റ് ഘനലോഹങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയത്. പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകളില്‍ നിറയ്ക്കുന്നതു മൂലമാണ് കാഡ്മിയവും ക്രോമിയവും കലരാന്‍ ഇടയാക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഡ്രഗ് ടെക്‌നിക്കല്‍ അഡ് വൈസറി ബോര്‍ഡ് നടത്തിയ പഠനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രി രാജ്യസഭയില്‍ പരിശോധനാഫലം വ്യക്തമാക്കിയത്. ഇത്തരം പാനീയങ്ങള്‍ കാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയതാണെന്ന് വിവിധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനിടെയാണ് പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്ന് ഘനലോഹങ്ങളും പാനീയത്തില്‍ എത്തുന്നുണ്ടെന്ന് വ്യക്തമായത്. പെറ്റ് ബോട്ടിലുകളില്‍ വിറ്റഴിക്കുന്ന ജ്യൂസ്, പാനീയങ്ങള്‍ എന്നിവയില്‍ ഇവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി പ്രവര്‍ത്തിച്ച് ബിസിനോഫള്‍ എ, ഡൈ ഈതര്‍ ഹെക്‌സൈല്‍ താലേറ്റ് എന്നീ ഗുരുതരമായ രാസവസ്തുക്കളാകുന്നു. മാരകമായ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നു.