അങ്ങനെ നോക്കുമ്പോൾ അന്തിമവിജയം ‘ഭരണഗൂഢത്തിനു’ തന്നെ. ഭരണകൂടമെന്ന വാക്കിനേക്കാൾ ഇന്നത്തെ സാഹചര്യത്തിൽ അതിനു യോജിക്കുക ഇതാണെന്നുള്ളതുകൊണ്ടാണ് ഇങ്ങനെ പ്രയോഗിച്ചത്. ഇന്ത്യ എന്നത് അഖണ്ഡമായ ഒരു വികാരമാണെന്നും അതിന്‍റെ വലതിനും ഇടതിനുമൊക്കെ അടിസ്ഥാനപരമായി ഹൈന്ദവമായ മര്യാദാനിയമങ്ങൾ ആണുള്ളത് എന്ന് കൂടി സൂചിപ്പിക്കുന്നതാണ് സെക്സി ദുർഗ എന്ന ചിത്രത്തിനുനേരെയുള്ള ഭരണകൂട നിലപാടുകൾ.
ചിത്രത്തിന് എതിരെയുള്ള കേന്ദ്രസർക്കാരിന്‍റെയും ഹിന്ദുത്വശക്തികളുടെയും നിലപാടുകൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. അത് വളരെ തുറന്നതും നേരിട്ടുള്ളതും ആയിരുന്നു എന്നതായിരുന്നു അതിന്‍റെ മെച്ചം. ചിത്രത്തിനു അനുകൂലമായി ദേശീയ ചലച്ചിത്രോത്സവത്തിന്‍റെ ജൂറി അംഗങ്ങൾ ഒന്നടങ്കം തീരുമാനമെടുക്കുകയും അതിനുവേണ്ടി രാജിവെക്കുകയും വരെ ചെയ്തു. ചിത്രത്തിന്‍റെ കലാമേന്മയും പ്രാധാന്യവും കണ്ടറിഞ്ഞുകൊണ്ടാണ് അവർ ഒന്നടങ്കം ഭരണകൂടത്തിന്‍റെ അപ്രീതി തന്നെ പിടിച്ചുപറ്റിക്കൊണ്ട് അതിനുവേണ്ടി പോരാടിയത്. എന്നാൽ അവിടെ ഭരണകൂടം വളരെ തുറന്ന രീതിയിൽ തന്നെ ചിത്രത്തിനെതിരെ നിലപാടെടുത്തു. കാണിക്കാനാവില്ല എന്നുതന്നെ ശഠിച്ചു. ആ നിലപാടിനെതിരെ ഞാൻ നടത്തിയ നിയമപോരാട്ടങ്ങളെ തോൽപിക്കാൻ മാത്രമായി ചിത്രത്തിന്‍റെ നിർമാണച്ചെലവിനേക്കാൾ കൂടുതൽ തുക ചെലവാക്കി. എന്നിട്ടും വിധി അനുകൂലമായപ്പോൾ യാതൊരു ലജ്ജയുമില്ലാതെ സെൻസർ ബോർഡുവഴി സിനിമയുടെ പ്രദർശനം തടഞ്ഞു. ന്യായവും നീതിയും അനുകൂലമായിരുന്നെങ്കിലും ഞാനും സിനിമയും സാങ്കേതികമായി പരാജയപ്പെട്ടു.
പക്ഷെ കേരളത്തിലുണ്ടായ സ്ഥിതി നോക്കൂ. പുറമേയ്ക്ക് ചിത്രത്തിനെ പിന്തുണയ്ക്കുന്നു എന്ന് മേനി നടിക്കുന്ന ഇവിടുത്തെ സർക്കാർ ഓരോ ഘട്ടത്തിലും അതിനെ പരാജയപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിച്ചത്. എന്താവും കാരണം? സർക്കാരിനെയും അക്കാദമിയെയും മന്ത്രാലയത്തെയും ഒക്കെ തുറന്ന് വിമർശിക്കുന്ന എന്‍റെ സ്വഭാവം ഒരു കാരണമാവാം, തനിക്ക് ശേഷം പ്രളയമെന്ന് വിശ്വസിക്കുന്ന, മറ്റൊരാൾ അംഗീകരിക്കപ്പെട്ടാൽ തന്‍റെ പ്രഭാവം ഇടിഞ്ഞുപോകുമെന്ന് വിശ്വസിക്കുന്ന ആത്മവിശ്വാസമില്ലാത്ത ജൂറിമാരുടെ വികലമായ തെരെഞ്ഞെടുപ്പുകൾ കാരണമാവാം, എനിക്കിനിയും ഊഹിക്കാൻ കഴിയാത്ത മറ്റെന്തെങ്കിലുമൊക്കെ കാരണങ്ങൾ വേറെയും ഉണ്ടാവാം. പക്ഷെ എന്തൊക്കെത്തന്നെ ആയാലും ഏറ്റവും അടിസ്ഥാനപരമായ കാരണം. സെക്സി ദുർഗ എന്ന പേരും അതിനെതിരെ സമൂഹത്തിന് പൊതുവിലുള്ള മൊറാലിറ്റി പ്രശ്നവുമാണ്. എന്തിന് സെക്സിദുർഗ്ഗ എന്ന് പേരിട്ടു വെറും ദുർഗ എന്നപേര് പോരായിരുന്നോ എന്നുള്ള വളരെ നിഷ്‌കളങ്കമായ ചോദ്യം മുതൽ മനഃപൂർവം വിവാദം ഉണ്ടാക്കി ശ്രദ്ധനേടാനുള്ള അടവായിരുന്നു എന്നുള്ള കുറ്റപ്പെടുത്തലിൽ വരെ ഒളിഞ്ഞിരിക്കുന്ന വികാരം അതാണ്.
കേന്ദ്രം ചിത്രത്തിനെതിരെ നേരിട്ട് നിലപാടെടുത്തപ്പോൾ സംസ്ഥാനം തങ്ങളുടെ കയ്യിൽ കറപറ്റാത്ത രീതിയിൽ വളരെ തന്ത്രപരമായി ഒതുക്കിത്തീർത്തു. കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഒതുക്കാനുള്ള ശ്രമം മുതൽ ഇത് മനസിലാക്കാം. ശ്രീ രാമചന്ദ്രബാബുവിനെ സർവ്വസമ്മതനായ ഒരാളെ ജൂറി ചെയർമാനാക്കി കൊണ്ട് ഇത്തരത്തിൽ അരുക്കാക്കിയാൽ എതിർവാദങ്ങളൊന്നും ഉയരില്ല എന്ന ആസൂത്രിതമായ പ്രവർത്തനമായിരുന്നു അത്. എന്നാൽ പിന്നീട് ഗോവയിൽ കേന്ദ്രസർക്കാരിന്‍റെ തെറ്റായ നടപടിക്കെതിരെയുള്ള എന്‍റെ നിലപാട് ദേശീയമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇവിടുത്തെ സർക്കാരും അക്കാദമിയും രാഷ്ട്രീയ പ്രതിരോധം എന്ന നിലയിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് വീമ്പിളക്കി മുന്നോട്ട് വന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റു തടഞ്ഞുവെച്ചുകൊണ്ട് ഗോവയിലെ പ്രദർശനം കേന്ദ്രമന്ത്രാലയം തടഞ്ഞപ്പോൾ ആദ്യം സന്തോഷിച്ചതും സർക്കാരിന്‍റെയും അക്കാദമിയുടെയും ആൾക്കാരായിരുന്നു. സെൻസർ സെർട്ടിഫിക്കറ്റില്ലല്ലോ ഇനിയെന്ത് ചെയ്യും എന്ന നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന ഒരു ചോദ്യമായിരുന്നു അക്കാദമിയുടേത്. പ്രദർശനാനുമതിക്കായി ഞാൻ ഹൈക്കോടതിയിൽ പോകുന്നുവെന്നും അതിലേക്ക് അക്കാദമി ചിത്രം പ്രദർശിപ്പിക്കാനാഗ്രഹിക്കുന്നു എന്ന് കാണിച്ച് ഒരു കത്ത് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്ന കത്ത് പുറത്ത് കാണിക്കാൻ കൊള്ളാത്തതാണ്.
സ്റ്റേറ്റ് അവാർഡിന് സബ്മിറ്റ് ചെയ്യുമ്പോഴും സെൻസർ സർട്ടിഫിക്കറ്റില്ലല്ലോ എന്ന സംശയമുന്നയിച്ചിരുന്നു അക്കാദമി. പബ്ലിക് സ്‌ക്രീനിംഗ് മാത്രമേ വിലക്കിയിട്ടുള്ളുവെന്നും അവാർഡിന് പരിഗണിക്കാൻ തടസമില്ലെന്നും കാണിക്കാൻ കോടതിയിൽ സെൻസർ ബോർഡ് കൊടുത്ത അഫിഡവിറ്റും സെൻസർ സർട്ടിഫിക്കറ്റും കൊടുത്തെങ്കിലും പലതവണയും വിളിച്ച് സെൻസർ പിൻവലിച്ചിട്ടില്ല എന്ന് രേഖയുണ്ടോ എന്ന് ചോദിച്ചിരുന്നു. പിൻവലിച്ചിട്ടുണ്ടോ എന്നറിയാൻ സെൻസർ ബോർഡിൽ വിളിച്ച് ചോദിച്ചാൽ പോരെ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ സെൻസർ ബോർഡിനെ വിളിച്ച് ചോദിച്ച് ഉറപ്പാക്കിയിട്ടും സെൻസർബോർഡിൽ നിന്നും എനിക്ക് അയച്ചുതന്ന ലെറ്ററിന്‍റെ കോപ്പിയും എന്നെക്കൊണ്ട് സബ്മിറ്റ് ചെയ്തിട്ടാണ് സിനിമ സ്‌ക്രീൻ ചെയ്യാൻ തന്നെ സർക്കാരിന്‍റെയും അക്കാദമിയുടെയും ‘രാഷ്ട്രീയ പ്രതിരോധം’ അതിനെ അനുവദിച്ചത്.
എന്തായാലും സെക്സി ദുർഗ എന്ന ചിത്രത്തെ രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായി എസ് ദുർഗ എന്ന് വെട്ടിയെഴുതിയ കേന്ദ്രസർക്കാരിന്‍റെ പാതയിൽ ഒട്ടും പതറാതെ മുന്നേറുന്ന കേരള സർക്കാരിന് എന്‍റെ അഭിവാദ്യങ്ങൾ. എന്‍റെ പുതിയ സിനിമയ്ക്കു അർഹമായ സബ്സിഡി നിഷേധിച്ചതും കേരള സർക്കാരിന്‍റെ രാഷ്ട്രീയ പ്രതിരോധമായിരുന്നു. ഇക്കാര്യമുന്നയിക്കാൻ മന്ത്രിയുടെ വീട്ടിലെത്തിയ എന്നെ കാണാൻ പോലും അദ്ദേഹം കൂട്ടാക്കിയില്ല എന്നതും ഒരു രാഷ്ട്രീയ പ്രതിരോധം തന്നെയായി മനസിലാക്കുന്നു. നന്ദി.
(കേരള കൌമുദിയില്‍ മുന്‍പ് പ്രസിദ്ധീകരിച്ചത് )