ഒരിക്കല്‍ കേട്ടാല്‍ പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന പൂമരം പാട്ട് യഥാര്‍ഥത്തില്‍ എഴുതിയവരെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഒടുവില്‍ കണ്ടെത്തി .പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും..’ എന്ന ഗാനം യൂട്യൂബില്‍ ഏതാണ്ട് 50 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ഏവരുടെയും ഹൃദയം ഇളക്കിമറിച്ച പൂമരം ഗാനം എഴുതിയത് ആരാണെന്ന് എന്നാല്‍ കണ്ടെത്തിയിരുന്നില്ല. അത് ആരാണെന്ന് അറിയാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ആദ്യമൊന്നും ഫലവും ലഭിച്ചിരുന്നില്ല .
എന്നാല്‍ ഇപ്പോള്‍ അതിനൊരു ഉത്തരം കിട്ടിയിരിക്കുന്നു .പൂമരത്തിന്റെ യഥാര്‍ത്ഥ ഗാനം എഴുതിയത് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശികളായ ആശാന്‍ ബാബുവും ദയാല്‍ സിംഗുമാണ്.20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടന്‍പാട്ടായാണ് ചിട്ടപ്പെടുത്തിയത്. വൈപ്പിനില്‍ കടലില്‍ മത്സ്യബന്ധനത്തിനുപോയിരുന്ന സമയത്ത് വല കയറ്റാന്‍ ഏലമിട്ടു പാടിയതാണ് ഈ പാട്ട്. പിന്നീട് പോകുന്നിടത്തെല്ലാം ഇവരുടെ സുഹൃത്തുക്കള്‍ക്കു മുമ്പില്‍ പാടിത്തുടങ്ങി. അങ്ങനെ അമ്പലപ്പറമ്പുകളിലൂടെ, കള്ളുഷാപ്പുകളിലൂടെ ഈ പാട്ട് ഒഴുകിപ്പരക്കുകയായിരുന്നു. തുടര്‍ന്ന് ഈ പാട്ട് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലും തരംഗമായി. മഹാരാജാസില്‍ നിന്നാണ് പൂമരത്തിന്റെ സംഗീതസംവിധായകന്‍ ഫൈസലിന് ഈ പാട്ട് കിട്ടുന്നത്. ഫൈസല്‍ പൂമരം നാടന്‍ പാട്ടില്‍ നിന്ന് സംഗീതം നല്‍കി ഇന്നത്തെ നിലയിലേക്ക് ചിട്ടപ്പെടുത്തിയത്. ആശാന്‍ ബാബുവും, ദയാല്‍ സിംഗും പൂമരത്തെ കൂടാതെ നിരവധി നാടന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ആ പാട്ടുകളൊക്കെയും സാധാരണക്കാരുടെ ഇടയില്‍ തരംഗവുമാണ്.
നല്ല പ്രതിഭയുള്ള, പദസമ്പത്തുള്ള എഴുത്തുകാരാണു ബാബു ആശാനും ദയാൽ സിങ്ങും. ആരാലും അറിയപെടാതെ പോയ ഈ കലാകാരന്മാര്‍ക്ക് വൈകിയാണെങ്കിലും ഒരു അംഗീകാരം ലഭിച്ച സന്തോഷം ഉണ്ട് .ദയാലിന്റെ പിതാവ് ഗോപാലൻ കുറെക്കാലം ഭിലായ് സ്റ്റീൽ പ്ലാന്റിൽ ജോലി ചെയ്തിരുന്നു. അക്കാലത്തു കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഓർമയ്ക്കായാണു മകനു ദയാൽസിങ് എന്നു പേരിട്ടത്. 62 വയസ്സുള്ള ആശാൻ ബാബു ഇപ്പോൾ കടലിൽ പോകാറില്ല. കോട്ടപ്പുറത്തെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇവർക്കു വമ്പൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണു നാട്ടുകാർ. സ്വീകരണച്ചടങ്ങിൽ നടൻ കാളിദാസനും എബ്രിഡ് ഷൈനും പങ്കെടുക്കും.
എബ്രിഡ് ഷൈന്‍ തന്റെ ആദ്യ ചിത്രമായ 1983 എന്ന ചിത്രത്തിലും ഇത്തരത്തില്‍ ഒരു നടന്‍ പാട്ട് ഉള്പെടുത്തിയിരുന്നു.അരിസ്ടോ സുരേഷ് എന്ന ഗായകന്‍ സിനിമയില്‍ എത്തിയതും ‘മുത്തെ പോന്നേ പിണങ്ങല്ലേ.. ‘എന്ന ഗാനത്തിലൂടെ ആയിരുന്നു .