കോപ്പൻഹേഗൻ: ഉപയോഗിച്ച് കഴിഞ്ഞാല്‍ ബിയറിന്‍റെ ചില്ലു കുപ്പികള്‍ ഒഴിവാക്കാൻ നമ്മളിൽ പലരും പാടുപെടാറുണ്ട്. എന്നാൽ ഇനി ബിയർ കുപ്പികളയുന്ന കാര്യത്തിൽ ആശങ്ക വേണ്ട, ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത കുപ്പികൾ രംഗത്തെത്തിയിരിക്കുകയാണ്. കോപ്പൻഹേഗിൽ അടുത്തിടെ നടന്ന സി 40 ഉച്ചകോടിയിൽ അന്തർദേശീയ മദ്യ നിർമ്മാതാക്കളായ കാൾസ്ബെർഗാണ് പേപ്പർ ബിയർ ബോട്ടിലുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഗ്രീന്‍ ഫൈബര്‍ ബോട്ടില്‍ എന്നാണ് ഇവയെ വിളിക്കുന്നതെന്ന് കാള്‍സ്ബെര്‍ഗ് വ്യക്തമാക്കി. തടിയിൽ നിന്നുണ്ടാക്കുന്ന ഫൈബറുകളായിരിക്കും ഇവയുടെ നിർമ്മാണത്തിലെ പ്രധാന ഘടകം. അതിനാൽത്തന്നെ എളുപ്പത്തിൽ മണ്ണിൽ ലയിച്ചുചേരും. രണ്ട് മോഡലുകളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുന്നത്. 2015 മുതലുള്ള ഗവേഷണത്തിന്‍റെ ഫലമായാണ് കാള്‍സ്ബെര്‍ഗര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകളുടെ പ്രോട്ടോ ടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
കാർബൺ എമിഷൻ കുറക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. കുപ്പി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പേപ്പറുകൾ ബിയറിന്റെ രുചിയെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കുപ്പി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ ബിയറിന്‍റെ രുചിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നതാണ് കുപ്പിയുടെ നിര്‍മ്മാണം ഇത്ര സമയമെടുക്കുന്നതെന്ന് കാള്‍സ്ബെര്‍ഗ് വ്യക്തമാക്കി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ബയോ ബേസ്ഡ് പോളിമര്‍ ലൈനിംഗ് വ്യാവസായികമായി ലഭ്യമല്ലെന്നതും നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് കാള്‍സ്ബെര്‍ഗ് പറയുന്നു.
അബ്സൊല്യൂട്ട്, കൊക്കകോള, ലോറിയല്‍ പോലുള്ള കമ്പനികള്‍ പേപ്പര്‍ ബിയര്‍ ബോട്ടില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ കാള്‍സ്ബെര്‍ഗിനൊപ്പം കൈകോര്‍ക്കുന്നുണ്ട്. അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കാള്‍സ്ബെര്‍ഗ് വിശദമാക്കുന്നു. അതേസമയം പുതിയബോട്ടിലിന്റെ നിർമ്മാണം മരങ്ങളുടെ നാശത്തിന് കാരണമാകുമോ എന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.