യൂട്യൂബിലൂടെ പ്രേക്ഷകരുടെ നാവിൻ തുമ്പിൽ രുചിയുടെ രസമുകുളങ്ങളുണർത്തിയ ഷെഫ് മുത്തശ്ശൻ നാരായണ റെഡ്ഡി ഇനി ഓർമ്മ. ‘ഗ്രാൻഡ്പാ കിച്ചൺ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ പ്രിയരുടെ ഹൃദയം കവർന്ന യാളാണ് തെലങ്കാന സ്വദേശിയായ നാരായണ റെഡ്ഡി. ഒക്ടോബർ 27നാണ് അദ്ദേഹം അന്തരിച്ചത്. ആറ് കോടിയോളം സബ്സ്ക്രൈബർമാരുള്ള അദ്ദേഹത്തിന്റെ ചാനലിൽ തന്നെയാണ് ഇക്കാര്യം സ്ഥിരികരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് വീഡിയോ പങ്കുവെച്ചത്.
വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുകയും, ശേഷം അത് നാട്ടിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്നതുമായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. അതിനാലാവാം 2017ൽ ആരംഭിച്ച ‘ഗ്രാൻഡ് പാ കിച്ചൺ’ എന്ന യൂട്യൂബ് ചാനലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുണ്ട്. ലവിംഗ്, കെയറിംഗ്, ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി’ എന്ന വാചകത്തോടെയാണ് ഗ്രാൻറ്പാ കുക്കിംഗ് ആരംഭിക്കുന്ന ഈ ചാനലിന് 6 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്.
പാചകത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും കാഴ്ചപ്പാടും ഏറെ വ്യത്യസ്തമായിരുന്നു, ആരോരുമില്ലാത്തവരുടെ വിശപ്പിന്റെ വിളിയറിയാൻ ശ്രമിക്കുന്ന അദ്ദേഹം ഈ പ്രത്യേകതകൾ കൊണ്ടുതന്നെയാവാം ആളുകൾക്കെല്ലാം പ്രിയങ്കരനായി മാറിയത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ഒരു വിറക് സ്‌റ്റോവിലൂടെ നാടൻ ഭക്ഷണങ്ങൾ മുതൽ സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത കെഎഫ്സി, അമേരിക്കൻ ലസാഗ്ന എന്നിവ ഉള്‍പ്പെടെ അദ്ദേഹം കുറഞ്ഞ ചെലവിൽ തന്നെ ഉണ്ടാക്കാറുണ്ട്.
പാചകം ചെയ്യുന്ന വീഡിയോകളിൽ, മുത്തച്ഛൻ പ്രത്യേക പാചകക്കുറിപ്പുകളും ചേർക്കാറുണ്ട്. ഫ്രഞ്ച് ഫ്രൈ മുതൽ ബർഗർ വരെയും ബട്ടർ ചിക്കൻ മുതൽ ആട്ടിൻ ബിരിയാണി വരെ എല്ലാം അദ്ദേഹം യൂട്യൂബിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ പ്രിയർക്കായി പാചകം ചെയ്തു.
സെപ്തംബർ 20നാണ് അദ്ദേഹം തന്റെ അവസാന കുക്കിംഗ് വീഡിയോ ചാനലിൽ പങ്കുവെച്ചത്. ക്രിസ്പി പൊട്ടറ്റോ ഫിംഗർ റെസിപ്പിയായിരുന്നു ഇത്. ഇതിനു പിന്നാലെ ആരോഗ്യം മോശമായതിനെ തുടർന്ന് ഇതിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച അവസാനമായി അദ്ദേഹം ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് റെസിപ്പിയുമായിട്ടായിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ആരാധകരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ നിരവധി ആരാധകരാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശനെയും മുത്തശ്ശന്‍ പങ്കുവെക്കുന്ന വിഭവങ്ങളെയും മിസ് ചെയ്യും എന്നാണ് ആരാധകർ അറിയിച്ചിരിക്കുന്നത്.