”പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്..”

0

” മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് …പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ …” മകളെ അവള്‍ക്കിഷ്ടമുള്ളത്രയും പഠിപ്പിക്കാന്‍ ആഗ്രഹിച്ച ഒരച്ഛന്‍ ഏറെക്കാലം നാട്ടുകാരില്‍ നിന്നും കേട്ടൊരു ചോദ്യമായിരുന്നു ഇത്. ലോകം കാണാത്ത, ഉടുക്കാന്‍ നല്ലൊരു തുണിയില്ലാത്ത ആ അച്ഛന്റെ മനസ്സ് പക്ഷെ ആകാശത്തോളം വലുതായിരുന്നു. ആ അച്ഛന്റെ താഗ്യത്തിനു പില്‍ക്കാലത്ത് മകള്‍ ഒരു സമ്മാനം നല്‍കി. അതേറ്റുവാങ്ങാന്‍ ഇന്നീ ലോകത്ത് അദ്ദേഹം ഇല്ലെങ്കിലും എവിടെയോ ഇരുന്നു ആ പിതാവ് മകളുടെ വിജയത്തില്‍ ആനന്ദശ്രു പൊഴിക്കുന്നുണ്ടാവും…

ഇത് പ്രീതി മാടമ്പിയുടെയും അവരുടെ അച്ഛന്‍ മാടമ്പിയുടെയും കഥ മാത്രമല്ല. പെണ്‍മക്കളെ സ്നേഹിക്കുന്ന, പെണ്‍കുട്ടികള്‍ കല്യാണംക്കഴിപ്പിച്ചു വിടാനുള്ളവര്‍ മാത്രമെന്ന കീഴ്വഴക്കങ്ങളെ അവഗണിച്ചു വിദ്യാഭ്യാസമാണ് കരുത്തെന്നു അവര്‍ക്ക് പറയാതെ പറഞ്ഞുകൊടുത്ത ഒരുപാട് അച്ഛന്മ്മാരുടെ കഥയാണ്‌.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വ്വകലാശാല കൊമേഴ്‌സ് സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍വെച്ച് ഡോക്ടറേറ്റ് ഏറ്റുവാങ്ങിയ ശേഷം പ്രീതി മാടമ്പി എന്ന പ്രീതി പി.എം തന്റെ ജീവിതത്തെ കുറിച്ചു പോരാട്ടങ്ങളെ കുറിച്ചു ,അച്ഛന്‍ എന്ന നന്മമരത്തെ കുറിച്ചു അഭിമാനത്തോടെ ഫേസ്ബുക്കില്‍ കുറിച്ചു. മകള്‍ ഉന്നതവിജയം നേടിയത് കാണാന്‍ ഇന്ന് ആ പാവം പിതാവില്ല .നാല് വര്ഷം മുന്പ് വിടപറഞ്ഞു പോയ ആ അച്ഛനെ സ്മരിച്ചു കൊണ്ടാണ് പ്രീതി ഓരോ വരികളും കുറിച്ചത്…ആ വരികളില്‍ ഉടനീളം നമ്മുക്ക് തൊട്ടറിയാം അച്ഛന്‍ എന്ന ആത്മവിശ്വാസത്തെ..

കുന്നംകുളത്തെ തെക്കേപ്പുറം എന്ന ഗ്രാമത്തിലാണ് പ്രീതിയുടെ വീട്. പ്രീതിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. കൂലിപ്പണിക്കാരനാവുന്നതിന് മുമ്പ് അച്ഛന്‍ പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ സഹായമനോഭാവം വരുത്തി വെച്ചൊരു പ്രശ്നത്തെ തുടര്‍ന്ന് ആ പാവം മനുഷ്യന് ജോലിയില്‍ തുടരാനായില്ല. അങ്ങനെ ഏറെനാളത്തെ അലച്ചിലുകള്‍ക്കും കഷ്ടതകള്‍ക്കും ഒടുവിലാണ് അദ്ദേഹം കൂലിപ്പണിക്കാരനായത്.

കഷ്ടതകള്‍ ഒരുപാട് നിറഞ്ഞതായിരുന്നു ആ ജീവിതം. പക്ഷെ മക്കളെ എന്ത് ത്യാഗം സഹിച്ചും പഠിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പെണ്‍കുട്ടികളെ പഠിപ്പിച്ച ആ മനുഷ്യനോട് പലരും ചോദിച്ചു എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച് കൂട്ടണത്? പിളേളര് ഡോക്ടറേറ്റ് എടുക്ക്വാ. അന്ന് ആ ചോദ്യങ്ങളൊക്കെ ആദ്ദേഹം ചിരിച്ച് തള്ളി. പെണ്‍മക്കളെ ഒരുപാട് പഠിപ്പിച്ചാല്‍ അവര്‍ക്ക് നല്ല ചെക്കന്മമാരെകിട്ടില്ല എന്ന് വരെ ചിലര്‍ പറഞ്ഞു. അതൊന്നും ആ പിതാവ് കേട്ടതായി പോലും നടിച്ചില്ല.

സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച്ച കാലിക്കറ്റ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയ വരെയുള്ള കാലഘട്ടം ചെറിയ കുറിപ്പിലൂടെയാണ് പ്രീതി ഒാര്‍ത്തെടുക്കുന്നത് .വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ടുടുത്ത് പാടത്ത് നിന്നും കയറി വരുന്ന അച്ഛനെ ഓര്‍മ്മിച്ചു കൊണ്ടാണ് പ്രീതി കുറിപ്പ് തുടങ്ങുന്നത്.

ഏഴാം ക്ലാസില്‍ നവോദയയില്‍ പ്രവേശനം കിട്ടിയതാണ് പ്രീതിയുടെ ജീവിതം വഴിതിരിച്ചു വിട്ടത്. മകളെ അന്യസ്ഥലത്ത് വിട്ടു പഠിപ്പിച്ചാല്‍ അവര്‍ വഴിതെറ്റുമെന്നു വരെ ചിലര്‍ പറഞ്ഞു. പക്ഷെ പ്രീതി പഠിച്ചു,മിടുക്കിയായി തന്നെ. സ്കൂളിലെ ‘സഞ്ചയിക’യിലേക്കുള്ള കാശ്‌ ടീച്ചര്‍ മാസാമാസം ചോദിക്കുമ്പോള്‍ മകള്‍ക്ക് കുറച്ചിലാകരുതെന്നു കരുതി സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ പ്രീതിയുടെ കയ്യിൽ വെച്ച് തരുമായിരുന്നു.ഏഴാം ക്ലാസ് വരെ നാട്ടിലെ ഒരു മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച മകള്‍ക്ക് ആദ്യകാലത്ത് ഇംഗ്ലീഷ് കടുകട്ടിയായപ്പോള്‍ നുള്ളിപെറുക്കിയ പണവുമായി എന്‍.സി.ഇ.ആര്‍.ടി.യുടെ അതേ പുസ്തകങ്ങള്‍ പുറത്തു നിന്ന് വാങ്ങി ഡിക്ഷ്‌ണറിയെടുത്ത് പ്രീതിക്ക് മനസ്സിലാവാനിടയില്ലാത്ത പാഠങ്ങളില്‍ വാക്കുകള്‍ക്കടുത്തായി മലയാള അര്‍ഥവുമെഴുതി ഓരോ വട്ടവും കാണാന്‍ വരുമ്പോള്‍ കൊണ്ട് വന്നു തന്നിട്ട് പോകുമായിരുന്നു ആ അച്ഛന്‍.

വർഷങ്ങൾ കടന്നു പോയി. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്നാണ് പ്രീതി ബി.കോം പൂര്‍ത്തിയാക്കുന്നത്. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദവും പ്രീതി നേടി. അതിനിടയില്‍ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു കോഴ്‌സ് പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ ഒരു പാരലല്‍ കോളേജില്‍ അധ്യാപികയായി. പ്രീതിയുടെ സഹോദരിയും ആ സമയത്ത് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. അപ്പോഴേക്കും അച്ഛന് ശാരീരികവിഷമതകള്‍ ഏറിവന്നു. അക്കാലത്താണ് പ്രീതിയ്ക്കു ജെ.ആര്‍.എഫ് (യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്)ലഭിക്കുന്നത്. തുടര്‍ന്നുള്ള പഠനത്തിനും ചിലവിനും അത് സഹായകമായി. ആ യാത്രക്കാണ് ഈ ജൂണ്‍ 30നു ശുഭപര്യവസാനമായത്..താന്‍ ഡോക്ടറേറ്റ് വാങ്ങുന്നത് കാണാന്‍ അച്ഛന്‍ ഇല്ലാതെ പോയതാണ് പ്രീതിയുടെ ദുഃഖം. എങ്കിലും പ്രീതി അച്ഛനോട് പറഞ്ഞു , ”പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്..”