പ്രേമം തരംഗം അവസാനിക്കുന്നില്ല; തമിഴ്നാട്ടില്‍ പ്രേമത്തിനു പുതിയ റെക്കോര്‍ഡ്

0

റിലീസ് ചെയ്തു രണ്ടു വര്ഷം പൂര്‍ത്തിയായിട്ടും പ്രേമത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. കേരളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം തമിഴ്നാട്ടിലും വന്‍ തരംഗം തീര്‍ത്തിരുന്നു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം 2015 മെയ് 29നാണ് റിലീസായത്.  ഒരു ടീസറോ, ട്രെയിലറോ പോലും ഇല്ലാതെ വന്നു 50 കോടി  വാരികൂടിയ ചിത്രമായിരുന്നു പ്രേമം.

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം തരംഗം തീര്‍ത്തു. ചെന്നൈയിലെ ഒരു തിയറ്ററില്‍ പ്രേമം 250 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത നേട്ടമായിരുന്നു അത്. നേരം എന്ന ഒരു ചിത്രം മാത്രം തമിഴില്‍ അഭിനയിച്ച നിവിന്‍ പോളിക്ക് പ്രേമം തമിഴില്‍ സ്വന്തമായി ഒരു ഇരിപ്പിടം നല്‍കി. അതുകൊണ്ടും അവസാനിച്ചില്ല.പ്രേമം മൂന്ന് തവണ ചെന്നൈയില്‍ റിറിലീസ് ചെയ്തു. എന്നാല്‍ ഇപ്പോഴിതാ പ്രേമം നാലാം തവണയും ചെന്നൈയില്‍ റിറിലീസിന് ഒരുങ്ങുകയാണ്. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ തിയറ്ററിലെ ബുക്കിംഗ് സൈറ്റ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു. പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് പുറത്ത് പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നാല് തവണ ഒരു മലയാള ചിത്രം റിറിലീസ് ചെയ്യുന്നത് ആദ്യമാണ്. ഒരു വ്യക്തിയുടെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും അവതരിപ്പിച്ച സിനിമയായിരുന്നു പ്രേമം.