പ്രീമിയര്‍ പദ്മിനി, ആ പേര് തന്നെ നല്‍കുന്നത് മനസ്സില്‍ എവിടെയോ ഗ്രഹാതുരത്വമാണ്. രാജ്യത്തെ മറ്റെവിടെയുള്ളതിനേക്കാളും കൂടുതല്‍ ഈ സുന്ദരി ഉണ്ടായിരുന്നത് മുംബൈ നഗരത്തില്‍ ആയിരുന്നിരിക്കും. ഒരുകാലത്ത് ..ഇവളെ സ്വന്തമാക്കുക എന്നത് സ്വപ്‌നം കാണാത്തവര്‍ വളരെ ചുരുക്കം. വിരലിലെണ്ണാന്‍ മാത്രം കാറുകള്‍ നിരത്തിലുള്ളപ്പോള്‍ നാലാള്‍ കാണ്‍കെ പദ്മിനിയില്‍ വന്നിറങ്ങുമ്പോഴുള്ള ഗമ ഒന്നു വേറെ തന്നെയായിരുന്നു. പദ്മിനി ഒരു റാണിയെ പോലെ റോഡുകളില്‍ വാണിരുന്ന കാലം ഉണ്ടായിരുന്നു.
ഇന്നത്തെ ബെന്‍സിനും ഔഡിയ്ക്കും തുല്യമായിരുന്നു ഒരിക്കല്‍ പദ്മിനി. കാലം മാറി. വിപണിയില്‍ പുതുവാഹനങ്ങളുടെ കുത്തൊഴുക്കായി. പദ്മിനി പതിയെ പിന്നിലേക്ക് എന്നോ തഴയപെട്ടു. പ്രീമിയര്‍ പദ്മിനി മുംബൈയുടെ മറ്റൊരു മുഖം തന്നെയായിരുന്നു എന്നു പറയാം. ജൂഹു ബീച്ചും, ഗേറ്റ് വേ ഓഫ് ഇന്ത്യയും , താജ് ഹോട്ടലും പോലെയായിരുന്നു പദ്മിനിയും. മുംബൈയുടെ മുഖമുദ്ര.
ധാരാളം ആളുകളുടെ ജീവിതത്തിലെ തന്നെ ഭാഗമായി മാറിയ പദ്മിനി നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ ഇനി അധികം താമസമില്ല. അടുത്ത വര്‍ഷത്തോടെ നിരത്തുകളില്‍ നിന്ന് ഇവ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. 1990 കാലഘട്ടത്തില്‍ മുംബൈ നഗരത്തില്‍ കറുപ്പും മഞ്ഞയും നിറം പൂശി അരലക്ഷത്തിനു മുകളില്‍ പ്രീമിയര്‍ പദ്മിനി ടാക്സികള്‍ ഓടിയിരുന്നു എന്നത് തന്നെ ആ കാറിന്‍റെ ജനപ്രീതിയുടെ സൂചനയായിരുന്നു.
1960 കളില്‍ അംബാസഡറുകളെ പിന്നിലാക്കി മുംബൈയിലെത്തുമ്പോള്‍ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഓടി വിജയിച്ച ചരിത്രം പദ്മിനിക്കുണ്ടായിരുന്നു. ഫിയറ്റ് ടാക്‌സി എന്നാണ് ഇവ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1973 നു ശേഷമാണ് പതിനാലാം നൂറ്റാണ്ടിലെ റാണിയായിരുന്ന റാണിപദ്മിനിയോടുള്ള ബഹുമാനാര്‍ഥം കാറിനോടൊപ്പം പദ്മിനി എന്നു കൂടി ചേര്‍ത്തത്. അങ്ങനെ ഫിയറ്റ് ടാക്സി പ്രീമിയര്‍ പദ്മിനി ആയി. അംബാസഡറിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്നത് പദ്മിനിക്കു തന്നെയായിരുന്നു.
വിദേശ നിര്‍മ്മിത കാറുകള്‍ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ പദ്മിനിക്ക് വിപണിയില്‍ കാലിടറി. ഗിയര്‍ പൊസിഷന്‍, ബക്കറ്റ് സീറ്റ്, നിസാന്‍ എന്‍ജിനുകളിലേക്കുള്ള മാറ്റം എന്നീ പുതിയ ചില പരിഷ്‌ക്കാരങ്ങള്‍ പരീക്ഷിച്ചു നോക്കിയെങ്കിലും അവയൊന്നും പദ്മിനിയെ രക്ഷിച്ചില്ല. 97 ല്‍ പൂര്‍ണമായും ഇന്ത്യന്‍ ഉല്‍പ്പാദനം നിര്‍ത്തിയെങ്കിലും പദ്മിനിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്നവര്‍ ഇങ്ങു കൊച്ചു കേരളത്തില്‍ വരെ ഉണ്ടായിരുന്നു.
ഇരുപതു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെയാണ് പദ്മിനിയും പിന്‍വലിക്കേണ്ട സാഹചര്യം നിലവില്‍ വന്നത്. ഒപ്പം പുതിയ എമിഷന്‍ നിയമങ്ങളും പദ്മിനിക്ക് പാരയായി. മുബൈയില്‍ റാണിയായി വിലസിയിരുന്ന പദ്മിനി ഇന്ന് 300 താഴെമാത്രമായി ഒതുങ്ങി. 2018 ഓടെ മുംബൈ നഗരത്തില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പ്രീമിയര്‍ പദ്മിനി എന്ന പേര് പൂര്‍ണമായും മാഞ്ഞു പോകും.