ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്‍റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മഹത്തായ അദ്ധ്യായത്തിനാണ് അവസാനമാകുന്നതെന്നാണ് പ്രധാന മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. ഏറ്റവും മികച്ച പ്രാസംഗികയും ഏറ്റവും നല്ല പാർലമെന്റ് അംഗവുമായിരുന്നു സുഷമ സ്വരാജെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി സുഷമയോടുള്ള തന്റെ സ്നേഹം അറിയിച്ചത്. ബി.ജെ.പിയിൽ അതീവ ബഹുമാനത്തോടെയാണ് എല്ലാവരും സുഷമയെ കണ്ടിരുന്നതിനും മോദി കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരും സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
പാർട്ടിയുടെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് സുഷമ വഹിച്ചത്. രാജ്യത്തിന്റെ ഏറ്റവും മികച്ച നേതാവിന്റെ മരണത്തിൽ ഇന്ത്യ കണ്ണീരൊഴുക്കുകയാണ്. സാമൂഹിക സേവനത്തിനും ദരിദ്രരുടെ ജീവിതം നന്നാകുന്നതിനും വേണ്ടിയാണ് സുഷമ തന്റെ ജീവിതം സമർപ്പിച്ചത്. കോടിക്കണക്കിന് ആൾക്കാർക്ക് പ്രചോദനം നൽകിയ വ്യക്തിയാണ് സുഷമ ജി. പ്രധാനമന്ത്രി തന്റെ ട്വീറ്റിൽ പറയുന്നു.
ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി ഡൽഹി എയിംസ് ആശുപത്രിയില്‍ വച്ചാണ് സുഷമ മരണപ്പെട്ടത്. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016 ൽ സുഷമ വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു സുഷമ.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്‍ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.