രാമായണത്തിന്റെ തായ് പതിപ്പ് അവതരണം, ‘ടിപ്പിടാക്ക’; തായ്‌ലന്‍ഡിൽ നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ്

0

ബാങ്കോക്ക്: രണ്ടുദിവസത്തെ സന്ദർശനത്തിന് തായ്‌ലാന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ വരവേൽപ്പ്. ഡോൺ മുവാങ് വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ ഡെപ്യൂട്ടി പ്രധാനമന്ത്രി സൂരിയ ജോങ്റോങ് രാങ്കിറ്റാണ് സ്വീകരിച്ചത്. സിഖ് സമൂഹത്തിൽ ഉൾപ്പെട്ടവരുടെ ഭംഗ്ര നൃത്തവും വിമാനത്താവളത്തിൽ അരങ്ങേറി.

രാമായണത്തിന്റെ തായ് പതിപ്പായ രാമീകനും തായ്‌ലൻഡ് കലാകാരന്മാർ പ്രധാന മന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു. തായ്‌ലാൻഡും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണുള്ളതെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. സാംസ്കാരികമായും ആത്മീയമായും തായ്‌ലൻഡും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണുള്ളത്. ബുദ്ധമതത്തിന്റെ വ്യാപനം ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു. രാമായണകഥകൾ തായ് ജനതയുടെ ജീവിതത്തിന്റെകൂടി ഭാഗമാണ് നരേന്ദ്ര മോദി വ്യക്തമാക്കി.

തന്റെ തായ്‌ലൻഡ് സന്ദർശനവേളയിൽ രാമായണവുമായി ബന്ധപ്പെട്ട് 18-ാം നൂറ്റാണ്ടിലുണ്ടായ മ്യൂറൽ പെയിന്റിനെ അടിസ്ഥാനമാക്കി സ്റ്റാമ്പ് പുറത്തിറക്കിയതിലുള്ള നന്ദിയും പ്രധാനമന്ത്രി രേഖപ്പെടുത്തി. തായ് പ്രധാനമന്ത്രി പയ്തോങ്തരൺ ഷിനവത്രയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദ വേൾഡ് ടിപ്പിടാക്ക എന്ന വിശുദ്ധ പുസ്തവും ഷിനവത്ര മോദിക്ക് സമ്മാനിച്ചു.

ആറാം ബിംസ്ടെക് (BIMSTEC) ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും. തായ്‌ലൻഡ് , ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ , മ്യാൻ മർ , ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയ്കെത്തുന്നുണ്ട്.

                                                                                                                                                                                         തായ്‌ലൻഡ്  സന്ദർശനത്തിന് ശേഷം ശ്രീലങ്കയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ ശ്രീലങ്കൻ  സന്ദർശനം കൂടിയാണിത്.