
സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ വംശജനുമായ പ്രിതം സിങ് പാർലമെന്ററി കമ്മിറ്റിക്ക് വ്യാജ മൊഴി നൽകിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കുന്നതിനും ഈ വർഷം പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതിനും ഇടയാക്കും. സ്‌റ്റേറ്റ് കോർട്ടിലാണ് വിധി പ്രസ്താവിച്ചത്.
ഡപ്യൂട്ടി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് ലൂക്ക് ടാൻ സിങ്ങിനെതിരെ ചുമത്തിയ രണ്ട് കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തന്റെ പാർട്ടിയുടെ മുൻ നിയമസഭാംഗമായ റഈസ ഖാനെ സിങ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. 2021 ഡിസംബർ 10, 15 തീയതികളിൽ ഖാന്റെ കേസിൽ കമ്മിറ്റി ഓഫ് പ്രിവിലേജസിന് (സിഒപി) സിങ് രണ്ട് വ്യാജ ഉത്തരങ്ങൾ നൽകിയെന്ന് ആരോപണമുണ്ട്.
ലൈംഗികാക്രമണത്തിന് ഇരയായ ഒരാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയതിനെക്കുറിച്ച് ഖാൻ പാർലമെന്റിൽ തെറ്റായ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ കേസിനെ തുടർന്നാണ് സിങ്ങിനെതിരെ കേസ് എടുത്തത്. ഓരോ കുറ്റത്തിനും സിങ്ങിന് മൂന്ന് വർഷം വരെ തടവോ 7,000 സിംഗപ്പൂർ ഡോളർ (5,290 യുഎസ് ഡോളർ) വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. നാല് മാസങ്ങൾക്ക് മുൻപാണ് സിങ്ങിന്റെ വിചാരണ ആരംഭിച്ചത്.
ഈ ശിക്ഷ അദ്ദേഹത്തിന്റെ പാർലമെന്ററി സീറ്റ് നഷ്ടപ്പെടുത്താനും 2025 നവംബറിന് മുമ്പ് നടക്കേണ്ട അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനും ഇടയാക്കും. കേസിൽ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.