കൈയിലൊരു ഹാൻഡ് ബാഗും, ഒരു കന്നാസു വെള്ളവും, തുണിസഞ്ചിയുമായി ചുളിവുകള്‍ വീണ മുഖത്തു ചായവുമണിഞ്ഞൊരു വ്യദ്ധ തലശേരി റയിൽവേ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്. എവിടെ നിന്നോ വന്നു എങ്ങോട്ട് പോകുന്ന യാത്രക്കാര്‍ക്ക് ഒരുപക്ഷെ ഈ വൃദ്ധ വെറുമൊരു കാഴ്ചവസ്തുവാകാം, ഇല്ലെങ്കില്‍ ഒരു തമാശ. പക്ഷെ തല്ലശ്ശേരിക്കാര്‍ക്ക് ഈ വൃദ്ധയെ അങ്ങനെ മറക്കാന്‍ കഴിയില്ല.
കാരണം പ്രിയദർശിനി ടീച്ചർ തലശ്ശേരിക്കാര്‍ക്ക് സുപരിചിതമായ മുഖമാണ്. പ്രിയദര്‍ശിനി ടീച്ചറുടെ കഥ വേദനയോടെ മാത്രമേ കേൾക്കാൻ കഴിയൂ.
ആരാണ് പ്രിയദർശിനി ടീച്ചർ…പ്രണയത്തിന്റെ തീവ്രത അറിഞ്ഞവര്‍ക്ക് ടീച്ചറെ മനസ്സിലാകും, ഇന്നും അണയാതെ സൂക്ഷിക്കുന്ന ആ നോവിന്റെ നീറ്റലറിയണമെങ്കില്‍ പ്രിയദര്‍ശിനി ആരാണെന്ന് അറിയണം. ആ കഥ കേള്‍ക്കണം.
നാട്ടിലെ നല്ലൊരു കുടുംബത്തിലെ അംഗം. നല്ല വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടി, സ്കൂള്‍ ടീച്ചര്‍. എല്ലാവരും സ്നേഹത്തോടെ പ്രിയദര്‍ശിനി ടീച്ചര്‍ എന്ന് വിളിക്കും. ചെറുപ്പത്തിൽ സ്കൂളിൽ ടീച്ചറായിരുന്ന കാലത്ത് ഒരു ലോക്കോപൈലറ്റിനെ ടീച്ചർ സ്നേഹിച്ചു. മംഗലാപുരം ചെന്നൈ റൂട്ടില്‍ ആയിരുന്നു ടീച്ചര്‍ സനേഹിച്ച ആള്‍ക്ക് അക്കാലത്ത് ജോലി. എന്നും തലശ്ശേരി സറ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ അവര്‍ കണ്ടുമുട്ടുമായിരുന്നു. ഒരു നാൾ പ്രണയവുമായി ആ തീവണ്ടി വന്നില്ല, വഴികണ്ണുമായി കാത്തുനിന്ന ടീച്ചര്‍ വൈകാതെ ആ വാര്‍ത്ത അറിഞ്ഞു.ടീച്ചര്‍ സ്‌നേഹിച്ച വ്യക്തി ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടു . അതോടെ വിഭ്രാന്തിയുടെ കയങ്ങളിലേക്ക് ടീച്ചർ വീണുപോയി.തിരിച്ചു മടങ്ങുമ്പോഴേയ്ക്കും ടീച്ചറുടെ മനസ് അവരുടെ സ്വന്തം നിയന്ത്രണത്തില്‍ നിന്നു പുറത്തു കടന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്ഥിരമായി ടീച്ചര്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങി. അണിഞ്ഞൊരുങ്ങിയാകും നടക്കുന്നത്. എന്നും ഇവര്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ വന്നു തന്റെ പ്രിയതമനായി കാത്തു നില്‍ക്കുമായിരുന്നു. വീട്ടുകാര്‍ നിരവധി ചികിത്സകള്‍ നടത്തി എങ്കിലും ഫലമുണ്ടായില്ല.
ചെറുപ്പത്തില്‍ അതിസുന്ദരിയായിരുന്നു ടീച്ചര്‍ എന്ന് പഴയനാട്ടുകാര്‍ ഓര്‍മ്മിക്കുന്നു. പക്ഷെ ഇന്ന് ആ രൂപം ആകെമാറി. കാലത്തിനു ചേരാത്ത വേഷത്തില്‍ പഴയകാലത്തില്‍ ഇന്നും അവര്‍ ജീവിക്കുന്നു. എന്നുംഅവര്‍ വീട്ടില്‍ നിന്ന് ഇറങ്ങും. പഴയതു പോലെ തന്നെ ഒരുങ്ങി സുന്ദരിയായി ! നേരെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലേക്ക്. അത് ഇന്നും തുടരുന്നു . ആ പ്രണയ കാലത്തില്‍ തന്നെയാണ് അവര്‍ വസ്ത്രം ധരിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് , പ്രിയപ്പെട്ടവനെ കാണാൻ റയിൽവേ സ്റ്റേഷനിൽ എത്തുന്നതും..പക്ഷെ ഒരിക്കലും അദ്ദേഹം വന്നില്ല. അത് തിരിച്ചറിയാനാകാതെ പ്രിയദര്‍ശിനി ടീച്ചര്‍ ഇന്നും കാത്തിരിക്കുന്നു. ഒരുപക്ഷെ ഉള്ളില്‍ ആരുമറിയാതെ ഒരു നൊമ്പരം അവര്‍ ഒളിച്ചുവെച്ചിട്ടുണ്ടാകും.