ന്യൂഡൽഹി: കാത്തിരിപ്പുക്കൾക്ക് ഇനി വിരാമം.പ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പട നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കാണും ഇനി അങ്കക്കളത്തിൽ. 2014 ലോക്സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് മുതലുള്ള പ്രവര്‍ത്തകരുടെ ആവശ്യമായിരുന്നുപ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ ഹൈക്കമാൻഡ് നിയമിച്ചു. എഐസിസിയുടെ വാർത്താക്കുറിപ്പിലാണ് പ്രിയങ്കയുടെ നിയമനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒപ്പം പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ചിട്ടുണ്ട്. യു.പി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിക്ക് പകരം റായ്‌ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്. രാജ്യഭരണത്തിന് ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമെന്ന നിലയിൽ യു.പിയിൽ നിന്നും പരമാവധി സീറ്റുകൾ നേടാനാണ് കോൺഗ്രസ് ശ്രമം.