പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

0

തിരുവനന്തപുരം ∙ പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാറുകൾ റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം. സുരേഷ്ഗോപിക്കെതിരെ കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി അനുമതി നൽകി.

സുരേഷ്ഗോപിയുടെ 60 –80 ലക്ഷം രൂപയുടെ കാറുകൾ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പോണ്ടിച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻറിൽ താൽക്കാലിക താമസക്കാരനാണെന്നു കാണിച്ചാണ് വെട്ടിപ്പു നടത്തിയതെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

സുരേഷ്ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. രണ്ട് ഔഡി കാറുകള്‍ കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.

2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുത് വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയത്. നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളും ഇപ്പോഴും സുരേഷ് ഗോപി ഉപയോഗിക്കുന്നുണ്ട്. ഒന്ന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഷൂട്ടിങ്ങിനുമായുമാണ് ഒരു കാര്‍ ഉപയോഗിക്കുന്നത്. മറ്റൊന്ന് അദ്ദേഹത്തിന്റെ മകന്‍ ബെംഗളൂരുവില്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ്ഗോപിയെ 2018 ജനുവരി 15ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റുള്ള കേസുകളുടെ അന്വേഷണം അവസാനഘട്ടത്തിലാണ്.