ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

0

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു.

1940 ഏപ്രിൽ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തിൽ കഥ, നോവൽ എന്നീ രംഗങ്ങളിൽ തന്റെ സുവർണമുദ്ര പതിപ്പിച്ചു. ‘സ്‌മാരകശിലകൾ’ എന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘സ്‌മാരകശിലകൾ’ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

ഗവ. ബ്രണ്ണൻ കോളേജിൽനിന്നും ബിരുദം നേടിയ പുനത്തിൽ, അലിഗഡ് മു്ലസീം സർവ്വകലാശാലയിൽനിന്നുമാണ് എം. ബി. ബി. എസ്. നേടിയത്. 1970 മുതൽ 1973 വരെ ഗവ. സർവ്വീസിൽ ഡോക്‌ടറായിരുന്ന പുനത്തിൽ 74 മുതൽ 1996 വരെ സ്വകാര്യ നേഴ്‌സിംഗ്‌ഹോം നടത്തിവരുകയായിരുന്നു. തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്‌ഠിച്ചു.ഏഴു നോവലെറ്റുകൾക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. ‘സ്‌മാരനശിലകൾ, മരുന്ന്’ എന്നീ നോവലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.

വടക്കേ മലബാറിലെ മു്ലസിം ജീവിതത്തിന്റെ പശ്‌ചാത്തലത്തിൽ രചിച്ച ‘സ്‌മാരകശിലകൾ’ അറബിക്കഥകളെ ഓർമ്മിപ്പിക്കുന്ന മായികതകൊണ്ട് ശ്രദ്ധേയമായി. ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ, പൂക്കുഞ്ഞിബി, എറമുള്ളാൻ മുക്രി തുടങ്ങിയവർ ഈ നോവലിലെ അനശ്വരകഥാപാത്രങ്ങളാണ്. അലിഗഢിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുൻനിർത്തി രചിച്ച അലിഗഢിലെ തടവുകാരൻ, മരുന്ന് എന്നിവയും സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങൾ എന്നിവയും നോവലുകളാണ്. കഥാകൃത്ത് സേതുവുമായിച്ചേർന്ന് ‘നവഗ്രഹങ്ങളുടെ തടവറ’ എന്ന നോവലും എഴുതിയിട്ടുണ്ട്.

കേരള സാഹിത്യസമിത നിർവ്വാഹകസമിതിയംഗം (1993–1996) കേന്ദ്രസാഹിത്യ സമിതിയംഗം (1986–1988) കോഴിക്കോട് സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗം (1984–88) എന്നീസ്‌ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന പുനത്തിൽ മൂന്നുതവണ സംസ്‌ഥാന ഫിലിം അവാർഡ് ജൂറിയും നാഷണൽ ഫിലിം അവാർഡ് ജൂറിയുമായിരുന്നു. ബിജെപി. സ്‌ഥാനാർഥിയായി ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.അദ്ദേഹവും സാഹിത്യകാരന്‍ എം മുകുന്ദനുമായുള്ള സൗഹൃദവും ശ്രദ്ധേയമാണ്.ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.