ഹയാ കാര്‍ഡ് കാലാവധി നീട്ടി; 2024 ജനു.24 വരെ ഖത്തര്‍ സന്ദര്‍ശിക്കാം

0

ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടിയതോടെ 2024 ജനുവരി 24 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം. ഇതോടെ വിസയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ ഹയാ കാര്‍ഡുപയോഗിച്ച് പാസ് മാത്രം നല്‍കി ഖത്തറിലേക്കെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനായി ടിക്കറ്റുകളെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. ലോകകപ്പ് ആസ്വാദകര്‍ക്കും സംഘാടകര്‍ക്കുമാണ് ഹയാ കാര്‍ഡ് പ്രയോജനപ്പെടുത്തി വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നത്. ഹയാ കാര്‍ഡുകള്‍ കൈവശമുള്ള ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കും കുടുംബമായോ സുഹൃത്തുക്കളുമായോ രാജ്യത്തേക്ക് പ്രവേശിക്കാം. ഇത്തരത്തില്‍ മൂന്ന് പേരെയാണ് പരമാവധി ഒപ്പം ചേര്‍ക്കാവുന്നത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്ന നിലയില്‍ ഹയാ കാര്‍ഡുകള്‍ ഉപയോഗിച്ച് 2024 ജനുവരി 24 വരെ ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിക്കാം. ഇതിന് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം.
ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ടായിരിക്കണം ഹയാ കാര്‍ഡ് ഉടമകളുടെ കൈവശമുള്ളത്. ഖത്തറിലെത്തി താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. ഇതോടൊപ്പം റൗണ്ട് ട്രിപ് ടിക്കറ്റും കൈവശമുണ്ടായിരിക്കണം.

മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റായ ഹയ കാര്‍ഡിന്, അധിക ഫീസൊന്നും നല്‍കേണ്ടതില്ല. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശന കവാടങ്ങളില്‍ ഇ-ഗേറ്റ് സംവിധാനവും ഉപയോഗിക്കാം.