ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമം. തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
നിയമം നടപ്പിലായാല്‍ പ്രത്യേക മേഖലകളില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങാനും താമസത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും സ്വന്തം പേരില്‍ കെട്ടിടങ്ങള്‍ വാങ്ങാനും കഴിയും. രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ വിദേശികള്‍ ഉള്‍പെടെ ചില പ്രത്യേക വിഭാഗങ്ങളില്‍ പെട്ട വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രധാന മന്ത്രി ദേശീയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. മന്ത്രി സഭ അംഗീകരിച്ച ഈ കരട് നിയമവും ഇപ്പോള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണ്.
ശുറകൗണ്‍സില്‍ കൂടി അംഗീകരിക്കുന്നതോടെ രണ്ടു സുപ്രധാന നിയമങ്ങളും വൈകാതെ നിലവില്‍ വരുമെന്നാണ് സൂചന. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇക്കാര്യങ്ങളില്‍ രാജ്യം നിര്‍ണായക ചുവടുവെപ്പുകള്‍ നടത്തുന്നത്. ഇതുസംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. പുതിയ കരട് നിയമപ്രകാരം ഭൂമിക്ക് പുറമെ താമസ – വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും പ്രവാസികള്‍ക്ക് സ്വന്തം ഉടമസ്ഥതയില്‍ വാങ്ങാനാവും. ഏതൊക്കെ പ്രദേശങ്ങളിലാണ് വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും അനുവദിക്കുകയെന്ന കാര്യത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കുക.