ഒപെക്കില്‍ നിന്നും ഖത്തര്‍ പിന്മാറുന്നു

1

ലോകത്തിലെ ഏറ്റവും ദ്രവ പ്രകൃതി വാതകം ഉത്പാദന രാജ്യമായ ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു. ഊര്‍ജ്ജമന്ത്രി ശാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ വിതരണ രംഗത്തുള്ള 15 രാജ്യങ്ങളുടെ കൂട്ടായ്മയില്‍നിന്നാണ് ഖത്തര്‍ പിന്മാറുന്നത്. 
ലോക എണ്ണ ഉല്‍പാദനത്തിന്റെ 30 ശതമാനവും ഖത്തറില്‍നിന്നാണ്.

കൂട്ടായ്മയുടെ കൂടെനിന്ന് ഒന്നും ചെയ്യാനില്ലെന്നും പിന്മാറ്റം മാസങ്ങള്‍ക്കുമുമ്പെ ആലോചിച്ചിരുന്നതായിരുന്നെന്നും ഖത്തര്‍ വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് തീരുമാനം. ഡിസംബര്‍ ആറിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഖത്തര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 1961ലാണ് ഖത്തര്‍ കൂട്ടായ്മയില്‍ ചേര്‍ന്നത്. 

രാജ്യാന്തര തലത്തിലേക്ക് ഖത്തറിന്റെ പ്രകൃതി വാതക ഉത്പാദനം വികസിപ്പിക്കാനും ഉത്പാദനം പ്രതിവര്‍ഷം 77 മില്യണ്‍ ടണ്ണില്‍നിന്ന് 110 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്മാറ്റമെന്ന് ഷെരീദ അല്‍ കാബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉല്‍പാദകരാജ്യമാകുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു