ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീൻ’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മണിക്കൂറുകള്‍ മുമ്പ് പുറത്തുവന്ന ക്വീനിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മിനുട്ട് നാൽപ്പത്തിനാല് സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയത്.
ഗൗതം വസുദേവ് മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്ന് ഒരുക്കുന്ന വെബ് സീരീസിൽ രമ്യ കൃഷ്ണനാണ് ജയലളിതയായി എത്തുന്നത്. സീരീസിൽ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് എം.ജി.ആറായി എത്തുന്നു. നടി അനിഘ ജയലളിതയുടെ ബാല്യകാലവും അഞ്ജന ജയപ്രകാശ് കൗമാരകാലം അവതരിപ്പിക്കുന്നു. പത്ത് ഭാഗങ്ങളുള്ള സീരീസില്‍ അഞ്ച് എണ്ണം ഗൗതം മേനോനും അഞ്ചെണ്ണം പ്രസാദുമാണ് സംവിധാനം ചെയ്യുന്നത്. രേഷ്മ ഗട്ടലയുടേതാണ് തിരക്കഥ.
ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എം എക്സ് പ്ലെയര്‍ ആണ് നിര്‍മാണം. അതേസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദ് അയണ്‍ ലേഡി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. വർങ്ങൾക്ക് മുമ്പ് ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ എം.ജി.ആറായി എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ദ്രജിത്ത് തമിഴകത്തിന്റെ താരദൈവത്തെ അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.