‘ചൗക്കിദാർ ചോർ ഹേ ’ വിവാദം: രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു
ന്യൂഡൽഹി: റഫാൽ കേസിലെ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു. സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്. നേരത്തേ ഈ വിഷയത്തിൽ ഖേദം രേഖപ്പെടുത്തിയതു തിരുത്തിയാണു പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകിയത്.ചൗക്കിദാർ ചോർ ഹേ (കാവൽക്കാരൻ കള്ളൻ തന്നെ)യെന്ന് കോടതിയും സമ്മതിച്ചുവെന്ന പരാമർശത്തിലാണ് മാപ്പ് പറഞ്ഞത്.
റഫാൽ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ പരിശോധിക്കാൻ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്‍റെ പരാമർശം. രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് രാഹുലിന് വേണ്ടി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് എതിര്‍ഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. രാഹുലിന്റെ ഖേദ പ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നായിരുന്നു മനു അഭ്‌ഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞത്.
റഫാൽ കേസിൽ കഴിഞ്ഞ ഡിസംബർ 14ന് നൽകിയ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ മൂന്ന് ഒൗദ്യോഗിക രേഖകൾപരിഗണിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെ വ്യാഖ്യാനിച്ചു നടത്തിയ പരാമർശത്തിലാണ് ‘ചൗക്കിദാർ’ മോഷണം നടത്തിയെന്നു കോടതി വ്യക്തമാക്കിയതായി രാഹുൽ ആരോപിച്ചത്.
കോടതിയുത്തരവു വായിക്കാതെയും വിശകലനം ചെയ്യാതെയും പ്രചാരണച്ചൂടിൽ നടത്തിയ പരാമർശമാണെന്നും കോടതിയെ മോശപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും രാഹുൽ വിശദീകരിച്ചു. ഈ സത്യവാങ്മൂലം എഴുതി നൽകാൻ കോടതി സിംഗ്‍വിയോട് നിർദേശിച്ചു. തിങ്കളാഴ്ചത്തേക്ക് രേഖാമൂലം നൽകാനാണ് കോടതി നിർദേശം