"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് ആരോപിക്കുന്ന പ്രധാനമന്ത്രി ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രി പരസ്യമായി സംവാദത്തിന് വെല്ലുവിളിച്ചിരുന്നു.
പ്രധാനമന്ത്രി പേടിക്കരുത്. ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളതെന്നും ആ ബന്ധങ്ങളുടെ സ്വഭാവം എന്താണെന്നും സംവാദത്തിലൂടെ വ്യക്തമാക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമയം കളയാതെ ഉടൻ തന്നെ വേദി നിശ്ചയിക്കണമെന്നും രാഹുൽ എക്സിൽ പങ്കുവെച്ച വീഡിയോയിൽ ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെയും യുവാക്കളുടെയും സാന്നിധ്യത്തിൽ ഒരു മേശയുടെ ഇരുവശങ്ങളിലുമായി ഇരുന്ന് സംസാരിക്കാമെന്നും അദ്ദേഹം നിർദേശിച്ചു. ഈ ചർച്ചയിൽ ആരെ വേണമെങ്കിലും ജഡ്ജിയോ മധ്യസ്ഥനോ ആയി നിയമിക്കാൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ടെന്നും വേണമെങ്കിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും ജഡ്ജിയുടെ കസേരയിൽ ഇരുത്താമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
സത്യവും മിഥ്യയും വേർതിരിച്ചറിയാൻ ഇത്തരം ഒരു തുറന്ന ചർച്ച അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ 45-ഓളം അപകീർത്തിക്കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിദേശ ബന്ധ ആരോപണത്തിൽ തനിക്കെതിരെ അപകീർത്തിക്കേസ് നൽകാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു. സന്ദേശത്തിൻ്റെ അവസാനം മോദിക്ക് ഹാപ്പി ദീപാവലി പറയാനും രാഹുൽ മറന്നില്ല.