രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

0

കേരള ബിജെപിയിൽ ഇനി രാജീവ് ചന്ദ്രശേഖറിന്റെ കാലം. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം.

കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. ഹിന്ദുത്വ പ്രത്യേയശാസ്ത്രം എന്ന പരമ്പരാഗത ചട്ടക്കൂടിൽ നിന്ന് മാറി ബിജെപി കേരളത്തിൽ പുതുപരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. വികസനം കൂട്ടിച്ചേർത്താണ് ബിജെപി മുന്നോട്ട് പോകുന്നത്.

ഭാരതീയ ജനതാപാർട്ടിയിൽ മാത്രമാണ് ഏതൊരു സാധാരണ പ്രവർത്തകനും അതിന്റെ ഏതൊരു പദവികളിലും എത്തിച്ചേരാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ആ ആനുകൂല്യമാണ് കഴിഞ്ഞ 5 വര്ഷം മുൻപ് തനിക്ക് ലഭിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ചരിത്ര നിമിഷം എന്നാണ് പ്രള്‍ഹാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്.

കേരളം ബിജെപിക്ക് ബാലി കേറാമലയാണെന്നാണ് ഇതുവരെയുണ്ടായിരുന്ന പ്രതീതി. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ഇത് ബാലി കേറാമലയല്ല കേരളത്തിലും ബിജെപിക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞ വര്ഷങ്ങളിലെ അനുഭവങ്ങൾ മുന്നിലുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയപരമായ വ്യതിയാനം കേരളത്തിൽ ഉണ്ടാകാൻ പോകുകയാണ്. കേവലമായ ഒരു സീറ്റിന്റെ മാത്രം വിജയമല്ല കേരളത്തിൽ ഒരു ഐഡിയോളജിക്കൽ ഷിഫ്റ്റ് വരികയാണ്. ഇത്രയും കാലം കേരളം പരീക്ഷിച്ച് പരാജയപ്പെട്ട ആശയങ്ങളിൽ നിന്ന് മാറി ഒരു പുതിയ ആശയത്തെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

രാജീവ് ചന്ദ്രശേഖർ പാർട്ടിയുടെ അധ്യക്ഷനായി എത്തുമ്പോൽ അദ്ദേഹത്തിന് ദൈനംദിന രാഷ്ട്രീയ പാരമ്പര്യം ഉണ്ടോ എന്ന വിമർശനം ഉയരുന്നുണ്ട്. അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ ഇതേ ചോദ്യം തന്നെയാണ് എല്ലാവരും ചോദിച്ചിരുന്നത്. എന്നാൽ 5 ദിവസം കഴിഞ്ഞപ്പോൾ തന്നെ വിമർശകന്മാർ അവരുടെ നിലപാടുകൾ എല്ലാം മാറ്റി അദ്ദേഹം സ്വീകാര്യനായ നേതാവാണെന്ന് പറയുകയായിരുന്നു. ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിന് പൂർണമായും അദ്ദേഹം സജ്ജനാണെന്ന് കഴിഞ്ഞ ഒരു വർഷത്തെ തിരുവനന്തപുരത്തിന്റെ അനുഭവം മുന്നിലുണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.

രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവവുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. ശരാശരി രാഷ്ട്രീയക്കാരനപ്പുറമാണ് രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറം നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖർ. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്ന പാര്‍ട്ടി ദേശീയ നേതൃത്വം. അത് ഒടുവിൽ എത്തി നിന്നത് രാജിവ് ചന്ദ്രശേഖറിലാണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും 2021ല്‍ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബിസിനസിൽ പയറ്റി തെളിഞ്ഞ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്.

വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി. 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് പ്രതീക്ഷയോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.