
ടോളിവുഡ് സൂപ്പർതാരം റാം ചരൺ തൻറെ 40ആം ജന്മദിനത്തിന് റിലീസ് ചെയ്ത തന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുകൾ വൈറൽ ആകുന്നു. ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ഒരുങ്ങുന്ന പെഡി എന്ന് ചിത്രം സംവിധാനം ചെയ്യുന്നത് ബുച്ചി ബാബു സനയാണ്. 2021ൽ ഇറങ്ങിയ ‘ഉപ്പെന്ന’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സംവിധായകരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച ബുച്ചി ബാബു സന, റാം ചരണിന്റെ രംഗസ്ഥലം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്.
ഒന്നാമത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പുക വലിച്ചുകൊണ്ട് ഗൗരവ ഭാവത്തിൽ നിൽക്കുന്ന റാം ചരണിന്റെ കഥാപാത്രത്തിന്റെ ചിത്രമാണുള്ളത്. രണ്ടാമത്തെ പോസ്റ്ററിൽ ഒരു ക്രിക്കറ്റ് ബാറ്റ് കയ്യിൽ പിടിച്ചു ചെരിഞ്ഞാണ് രാം ചരണിന്റെ നിൽപ്പ്. അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഓർമിപ്പിക്കുംവിധം ആണ് താരത്തിന്റെ ഹെയർ സെറ്റിലും വസ്ത്ര ധാരണവും എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
എ.ആർ റഹ്‌മാൻ ആയിരിക്കും പെഡിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എ.ആർ റഹ്മാൻ സംഗീതം ചെയ്യുന്ന ആദ്യ രാം ചരൺ ചിത്രമാണ് പെഡി. ‘വ്യക്തിത്വത്തിന് വേണ്ടിയുള്ള ഒരു പോരാട്ടം’ എന്നാണ് പോസ്റ്റിനു ക്യാപ്‌ഷൻ കൊടുത്തിരിക്കുന്നത്. രംഗസ്ഥലം, എന്തിരൻ, ദേവര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ രത്നവേൽ ISC യാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജാൻവി കപൂർ നായികയാകുന്ന ചിത്രം രാം ചരണിന്റെ 16 ആമത്തെ ചിത്രമാണ്. കൂടാതെ ശിവരാജ് കുമാർ, ജഗപതി ബാബു, ദിവ്യെന്ധു ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുഷ്പയുടെ സംവിധായകൻ സുകുമാറും, മൈത്രി മൂവി മേക്കേഴ്‌സും വെങ്കട്ട സതീഷ് കിലാരു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മെയ് 26 ന് തിയറ്ററുകളിലെത്തും.