ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി വീണ്ടും കോൺഗ്രസ്. ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം മുഴുവന്‍ ദുഃഖം ആചരിക്കുന്ന സമയത്ത് പ്രധാമന്ത്രി നരേന്ദ്ര മോദി ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിങ് തുടരുകയാണ് ചെയ്തത്. വൈകുന്നേരമാണ് അദ്ദേഹം ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ നിന്നും തിരിച്ചതെന്നും സുര്‍ജേവാല ഇതിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി പറഞ്ഞു. വിവരമറിഞ്ഞിട്ടും നാലുമണിക്കൂറോളം ഷൂട്ടിങ്ങ് തുടർന്നെന്നും അദ്ദേഹം ആരോപിക്കന്നു. ജവാന്മാരെ അപമാനിക്കുകയാണ് മോദി ചെയ്തത്.
3.10-നാണ് ആക്രമണമുണ്ടായത്. ലോകമെമ്പാടും ഇതിന്റെ വാര്‍ത്ത പടര്‍ന്നു. എന്നാല്‍ വൈകിട്ട് 6.45 വരെ മോദി ചിത്രീകരണവുമായി പാര്‍ക്കില്‍ തന്നെ തുടര്‍ന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ? രാജ്യത്തെ ഞെട്ടിപ്പിച്ച ആക്രമണം ഉണ്ടായി നാലു മണിക്കൂറോളമാണ് മോദി ചിത്രീകരണം നടത്തിയത്. അദ്ദേഹത്തിന്റെ പെരുമാറ്റം വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല- സുര്‍ജെവാല പറഞ്ഞു.
17-ന് ജവാന്മാരുടെ ഭൗതികാവശിഷ്ടം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴും രാഷ്ട്രീയ പരിപാടികള്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ വൈകിയാണു മോദി എത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.