മകനുമൊത്തുള്ള മലൈകയുടെ ചിത്രം; വിവാദമായി രംഗോലിയുടെ ട്വീറ്റ്

0

മുന്നും പിന്നും നോക്കാതെ മനസ്സിൽ തോന്നുന്ന കാര്യങ്ങളെല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് കങ്കണ റണൗട്ടിന്റെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍. കങ്കണയും ഋത്വിക് റോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചും സ്വന്തം ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞും രംഗത്തു വന്നിട്ടുള്ള രംഗോലി ഇപ്പോള്‍ പുതിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മോഡലും നടിയുമായ മലൈക അറോറയുടെ ചിത്രത്തിന് വിവാദ അടിക്കുറിപ്പ് നൽകി കുറിച്ച രംഗോലിയുടെ ട്വീറ്റാണ് വിവാദമായത്.

മകന്‍ അര്‍ഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈക അറോറയെക്കുറിച്ച് രംഗോലി ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമാകുന്നത്. കിടക്കയില്‍ കിടന്ന് മകന്‍ അര്‍ഹാനൊപ്പമെടുത്ത സെല്‍ഫി മലൈക അറോറ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘അമ്മയെ മകന്‍ നന്നായി സംരക്ഷിക്കുമ്പോള്‍’ എന്ന അടികുറിപ്പാണ് മലൈക ചിത്രത്തിന് നൽകിയത്. ഇതേ ചിത്രം മറ്റൊരു അടിക്കുറിപ്പ് നൽകിയാണ് രംഗോലി ട്വീറ്റ് ചെയ്തത്.

‘ഇതാണ് ആധുനിക ഇന്ത്യൻ അമ്മ, നന്നായിരിക്കുന്നു,’ എന്നായിരുന്നു രംഗോലിയുടെ കമന്റ്. രംഗോലിയുടെ കമന്റ് മലൈകയെ പരിഹസിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. പരോക്ഷമായി മലൈകയെ അപമാനിക്കുന്നതാണ് രംഗോലിയുടെ പോസ്റ്റെന്നും ആരാധകർ ആരോപിച്ചു.

വിമര്‍ശനങ്ങള്‍ക്കു പിന്നാലെ രംഗോലി വിശദീകരണവുമായി എത്തിയിട്ടുണ്ട്. മലൈകയെക്കുറിച്ച് വളരെ മോശമായ രീതിയില്‍ പലരും പറയുന്നതു കേള്‍ക്കുന്നു. എന്നാല്‍ ഈ ചിത്രം കണ്ടിട്ട് തനിക്കങ്ങനെയൊന്നും തോന്നുന്നില്ലെന്നും അമിതമായി ആലോചിച്ചുകൂട്ടരുതെന്നും രംഗോലി ട്വീറ്റിലൂടെ പറയുന്നു. രംഗോലിയുടെ ട്വീറ്റ് ഇതിനോടകം വിവാദമായിട്ടുണ്ട്.