രഞ്ജന്‍ ഗൊഗോയി ഇന്ന് പടിയിറങ്ങും; 47-ാമത്തെ ചീഫ് ജസ്റ്റിസായി ബോബ്ഡേ നാളെ ചുമതലയേല്‍ക്കും

0

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്ഡേ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിന് 11 മണിയോടെ സുപ്രീംകോടതിയിലെത്തി 47-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

നിലവിലെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. വിരമിച്ചാലും തന്‍റെ ഒരു ഭാഗം സുപ്രീംകോടതിയിൽ തുടരുമെന്ന് ബാര്‍ അസോസിയേഷന് നൽകിയ സന്ദേശത്തിൽ ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കിയിരുന്നു. 2018 ഒക്ടോബര്‍ 3ന് ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ലൈംഗിക ആരോപണം ഉയര്‍ന്നത് വലിയ ക്ഷീണമായി. ആ കേസിൽ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതി ക്ളീൻചിറ്റ് നൽകിയെങ്കിലും നടപടികളിയിലെ സുതാര്യതയില്ലാത്മ ഇപ്പോഴും ചര്‍ച്ചയായി തുടരുന്നു. അയോധ്യ, ശബരിമല, റഫാൽ, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളിൽ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു.

2012 ഏപ്രിൽ 23നാണ് ജസ്റ്റിസ് ഗൊഗോയി സുപ്രീംകോടതി ജഡ്ജിയായി എത്തിയത്. അസം മുഖ്യമന്ത്രി യായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് ഗൊഗോയി.