മലേഷ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

0

ലോകത്തെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മലേഷ്യ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ഇവിടേക്ക് യാത്ര ചെയ്യാമെന്നുള്ളത് കൊണ്ട് ഇന്ത്യക്കാർ ധാരാളമായി ടൂറിസ്റ്റുകളായി എത്തുന്നുണ്ട്

image : https://www.startravel.com.my

ടൂറിസ്റ്റ് വിസയിൽ മലേഷ്യ കാണാൻ പുറപ്പെട്ട് ക്വലാലുംപൂർ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ രണ്ടു ദിവസം എയർപോർട്ടിൽ തങ്ങി തിരിച്ചു പോരേണ്ടി വരുന്ന ഇന്ത്യക്കാരുടെ അനുഭവങ്ങൾ ദിവസവും കേൾക്കുന്നുമുണ്ട്, കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള മലിൻഡോ ഫ്ലൈറ്റിലും കണ്ടു നാലു പേരെ.

എന്ത് കൊണ്ടാണിത് ഇത് സംഭവിക്കുന്നത്?

ഇന്ത്യക്കാരെ മാത്രമല്ല, പാകിസ്ഥാൻ ബംഗ്ളാദേശ് ശ്രീലങ്ക തുടങ്ങി സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ദിവസവും ഇങ്ങനെ തിരിച്ചുവിടുന്നുണ്ട്, ആയിരക്കണക്കിന് പേർ ഈ രാജ്യങ്ങളിൽ നിന്ന് മലേഷ്യയിലെത്തി ജോലി ചെയ്യുന്നുണ്ട്, ഒരു പാട് പേർ വിസിറ്റ് വിസയിൽ വന്ന ശേഷം അനധികൃതമായി താമസിക്കുന്നുണ്ട്, ഈ അനധികൃതക്കാരെ ഒഴിവാക്കാനുള്ള ഫിൽറ്ററിങ്ങിൽ ചുരുങ്ങിയത് 50 പേർ ദിവസവും കുടുങ്ങും.

ആരാണ് കുടുങ്ങുന്നത് എന്താണ് ക്രൈറ്റിരിയ…?

അങ്ങനെ പ്രത്യേകിച്ച് ക്രൈറ്റിരിയ ഒന്നുമില്ല, കൗണ്ടറിൽ ഇരിക്കുന്ന ഓഫിസർക്ക് ഒരാളുടെ മുഖത്ത് നോക്കുമ്പോൾ പന്തികേട് തോന്നിയാൽ മലേഷ്യയിൽ ഇറങ്ങാൻ നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചോദിക്കും 
1. റിട്ടേൺ ടിക്കറ്റ് 
2. ഹോട്ടൽ ബുക്കിംഗ് / താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിലാസം 
3. ചെലവിനുള്ള കാശ് (മിനിമം 1500 മലേഷ്യൻ റിംഗിറ്റ്)

ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതിരിക്കുകയോ , കൊടുക്കുമ്പോൾ ഒരു തപ്പിക്കളി ഫീൽ ചെയ്യുകയോ ചെയ്താൽ, നേരെ പുറകിലുള്ള ഓഫിസിൽ പോയി ഓഫീസറെ കാണാൻ പറയും, അവിടെ എന്തിനു വന്നു എവിടെ പോകുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരവും മേല്പറഞ്ഞ രേഖകളും കാണിച്ചാൽ കടത്തിടിവും ഇല്ലെങ്കിൽ പാസ്സ്‌പോർട്ട് വാങ്ങിവെച്ച് “ദേണ്ടെ, ആ മൂലക്ക് ഇരുന്നോ” എന്ന് പറയും. 
കുറച്ച് സമയം കഴിഞ്ഞാൽ ഒരു ഓഫിസർ വന്ന് ഫോണും കയ്യിലുള്ള മറ്റു വസ്തുക്കളും വാങ്ങി വെക്കും, നിങ്ങളുടെ റിട്ടേൺ ടിക്കറ്റിൽ ഏറ്റവും അടുത്ത ദിവസം തിരിച്ചു കയറ്റിവിടും, റിട്ടേൺ ടിക്കറ്റ് ഡമ്മി യാണെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി കോംപ്ലിക്കേറ്റഡ് ആവും, ടിക്കറ്റ് കിട്ടുന്നത് വരെ എയർപോർട്ടിലെ കുടുസ്സുമുറിയിൽ ജയിൽ ജീവിതം നയിക്കേണ്ടി വരും. (ഭക്ഷണം കിട്ടും, മലായ് ഭക്ഷണം)

ഇതൊഴിവാക്കാൻ എന്താണ് വഴി…?

മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും നിങ്ങളുടെ കയ്യിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തി മാത്രം യാത്ര ചെയ്യുക
ഇടയ്ക്കിടെ ടൂറിസ്റ്റു വിസയിൽ മലേഷ്യ സന്ദർശിക്കുന്നവരാണെങ്കിൽ എന്തിനാണ് സ്ഥിരമായി മലേഷ്യ ‘കാണാൻ’ വരുന്നത്, ഇതിന് മാത്രം എന്താണ് ഇവിടെ കാണാൻ ഉള്ളത് എന്ന ചോദ്യം കൂടിയുണ്ടാവും അതിന് ഒരു പ്രോപ്പർ ആൻസർ കണ്ടുവെക്കുക, ബിസിനസ്, ഇന്റർവ്യൂ.. മീറ്റിങ്,..കോളേജ് അഡ്മിഷൻ .അങ്ങനെ എന്തെങ്കിലും, നിങ്ങൾ പറയുന്നതിനെ ശരിവെക്കുന്ന ഒരു സപ്പോർട്ടിംഗ് ഡോക്യുമെന്റ് കയ്യിൽ കരുതുക ഒരു ഇൻവിറ്റേഷൻ ലെറ്റർ കയ്യിൽ ഉണ്ടെങ്കിൽ കൂടുതൽ ഭദ്രമായി. 
(അറിയുക, ഇന്ത്യയിലെ ഉദ്യോഗസ്ഥരെപ്പോലെ എങ്ങനെ നിങ്ങളെക്കുടുക്കാം എന്നല്ല, എങ്ങനെ നിങ്ങളെ ഒഴിവാക്കിവിടാം എന്നാണ് അവർ നോക്കുക)

ദിവസവും അവിടെ ഇറങ്ങുന്നവരിൽ പരമാവധി അഞ്ച് ശതമാനം പേരോട് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുക, അവരിൽ നിന്ന് വെറും അഞ്ച് ശതമാനത്തെ മാത്രമേ തടഞ്ഞു വെക്കൂ, ഒന്ന് ശ്രദ്ധിച്ചാൽ കടന്നു പോകാവുന്നതേയുള്ളൂ

അവിടെ കുടുങ്ങിയ ശേഷം തിരിച്ചു വരുന്ന വരുടെ ദയനീയ കഥകൾ ഇടക്കിടെ കേൾക്കാറുണ്ട്, ഒരിക്കൽ ഒരു ഡിന്നർ പാർട്ടിയിൽ വെച്ച് ഒരു ഉന്നത എമിഗ്രെഷൻ ഓഫീസറെ പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തോട് ചോദിച്ചു “ഒരു പാട് ഇന്ത്യക്കാർ ഇങ്ങനെ ബുദ്ധിമുട്ടുന്നുണ്ട്, ഇതൊന്ന് ഒഴിവാക്കിക്കൂടെ”? അദ്ദേഹം തിരിച്ചു ചോദിച്ചു “ഇതിനേക്കാൾ നല്ല ഒരു സംവിധാനം പറഞ്ഞു തന്നാൽ ഇത് ഒഴിവാക്കാം, ഞങ്ങൾ ടൂറിസം കൊണ്ട് ജീവിക്കുന്ന രാഷ്ട്രമാണ്, ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടില്ലാതെ നോക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്..അതെ സമയം അനധികൃത കുടിയേറ്റക്കാർ കയറാതെ നോക്കുകയും വേണ്ടേ..”
അവരുടെ രാജ്യമാണ്, അവരുടെ ന്യായം ശരിയുമാണ് 
സൂക്ഷിക്കേണ്ടത് നമ്മളാണ്, അശ്രദ്ധയോ അറിവില്ലായ്മയോയാണ് നമ്മളെ കുടുക്കുന്നത്.

ഒരു കാര്യം കൂടി, മലേഷ്യൽ എത്തിയാൽ പുറത്തിറങ്ങുമ്പോൾ പാസ്പോർട്ട് കയ്യിൽ വെക്കുക, ഭാഗ്യദോഷം കൊണ്ട് എമിഗ്രേഷൻ ചെക്കിങ്ങിൽ പെട്ടുപോയാൽ പണി പാളും (അപൂർവ്വങ്ങളിൽ അപൂർവമായി മാത്രമേ ചെക്കിംഗ് ഉണ്ടാവൂ)

രണ്ട് വിഷയങ്ങൾ കൂടി എഴുതാനുണ്ട്. 
1. തൊഴിൽ തേടി മലേഷ്യയിലേക്ക് വരാമോ..? എന്ത് കൊണ്ടാണ്‌ തൊഴിൽ വിസയിൽ പലരും പറ്റിക്കപ്പെടുന്നത്..?
2. സ്വർണ്ണക്കള്ളക്കടത്തിന് മലേഷ്യയിൽ വന്ന് പണികിട്ടി കിളിപോയ രണ്ട് പെൺപിള്ളേർ ഫ്ലൈറ്റിൽ വെച്ച് പറഞ്ഞ കഥന കഥ.

വേറൊരു പോസ്റ്റിൽ ആവാം….

(വിസിറ്റ് വിസയുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കിൽ കമ്മന്റിൽ പരമാവധി പരിഹരിക്കാൻ ശ്രമിക്കാം)