യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ

0

മോസ്കോ: കർക്സ് മേഖലയിലെ യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ. ഇക്കഴിഞ്ഞ ദിവസം ഈ മേഖല റഷ്യ സ്വന്തം വരുതിയിൽ ആക്കിയിരുന്നു. ഈ മേഖലയിലുള്ള യുക്രെയ്ൻ സൈനികരുടെ ജീവൻ സംരക്ഷിക്കണമെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അഭ്യർഥന അംഗീകരിക്കുമെന്നും യുക്രെയ്ൻ സൈനികർ ആയുധം വച്ച് കീഴടങ്ങുകയാണെങ്കിൽ അവരുടെ ജീവൻ സംരക്ഷിക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ഇതിനിടെ റഷ്യ-യുക്രെയ്ൻ പോരാട്ടം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.

പുടിനുമായി ഫലപ്രദമായ ചർച്ചകളാണ് നടത്തിയതെന്നും രക്ത രൂക്ഷിതമായ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. വ്യാഴാഴ്ച രാത്രി മോസ്കോയിൽ വച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.

30 ദിവസത്തെ വെടിനിർത്തൽ എന്ന അമെരിക്കൻ നിർദേശത്തെ യുക്രെയ്ൻ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ചയാണ് റഷ്യ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. ട്രംപ്-പുടിൻ കൂടിക്കാഴ്ച വൈകാതെ സംഭവിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.