എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

0

വിവാദ ചിത്രം എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. ചിത്രത്തിന്‍റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് കൈമാറുകയും ചെയ്തു. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം.

ചിത്രത്തിന്‍റെ ടൈറ്റിലിൽ പേര് എഴുതിയതിലുള്ള അപാകത മുംബൈ സെൻസർ ബോർഡാണ് തിരുവനന്തപുരത്തെ സെൻസർ ബോർഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്.
സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി എസ്. ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയും ബാധിക്കും. കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ എസ്. ദുർഗ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമല്‍ നേരത്തേ പറഞ്ഞിരുന്നു.

നേരത്തെ സെക്‌സി ദുര്‍ഗ എന്ന പേരും ഡയലോഗിലെ ഏതാനും അസഭ്യവാക്കുകളും നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് എന്നതായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്. ഇത് അനുസരിച്ച് സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ എന്നാക്കി മാറ്റി. എന്നാല്‍, ടൈറ്റിലില്‍ എസിന് ശേഷം നാല് ഹാഷ്ടാഗാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഇത് സിനിമട്ടോഗ്രഫി നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നുള്ള കമലിന്റെ പ്രസ്താവന വന്ന മണിക്കൂറുകള്‍ക്കകമാണ് ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.