എസ് ജാനകി സംഗീതജീവിതത്തോട് വിടപറയുന്നു; ജാനകിയമ്മയുടെ സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍

0

പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു.  60 വര്‍ഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനു മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങോടെ ജാനകിയമ്മ വിരാമാമിടും.ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്കുന്നത്. 1957 ഏപ്രില്‍ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം തമിഴില്‍ പുറത്തിറങ്ങി ‘മഗ്ദലനമറിയം’ എന്ന ചിത്രത്തിലെ ഗാനമാണ് എസ്. ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം.

പിന്നീട് 1957ല്‍ തന്നെ എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി തന്റെ വരവ് അറിയിച്ചു. സിനിമയില്‍ വന്ന് ആദ്യ വര്‍ഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളില്‍ പാടിയ റെക്കോര്‍ഡും എസ്.ജാനകി സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്ത പത്തു കല്‍പ്പനകള്‍ എന്ന സിനിമയിലാണ് ജാനകി അവസാനമായി മലയാളത്തില്‍ പാടിയത്. കേരള ആര്‍ട്സിന്റെ ബാനറില്‍ പുറത്തുവന്ന ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനു വേണ്ടി ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍ എന്ന ഗാനമാണ് എസ്.ജാനകിയുടെ ആദ്യ മലയാളഗാനം. പിന്നീട് മലയാളത്തില്‍ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പം എസ്.ജാനകി പാടി. എസ് ജാനകിയിലൂടെയാണ് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേക്കെത്തുന്നത്. 1981ല്‍ ഓപ്പോളിലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്… എന്ന ഗാനത്തിലൂടെ ആയിരുന്നു ഇത്.

കഴിഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്. ‘അതുകഴിഞ്ഞാല്‍ സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഞാനുണ്ടാവില്ല’ -എസ്. ജാനകി പറഞ്ഞു. സാധാരണജീവിതം നയിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ ഭാഷകളിലായി മതിവരുവോളം പാട്ടുകള്‍ പാടിയെന്നും അവര്‍ പറഞ്ഞു.

മലയാളികള്‍ സ്വന്തക്കാരെപ്പോലെയാണ്. മലയാളത്തില്‍ പാടിയ പാട്ടുകള്‍ ജീവനുള്ള കാലംവരെ താന്‍ ഓര്‍മിക്കും. ഓരോ കാലത്തിനും അനുസൃതമായ രീതിയിലുള്ള പാട്ടുകള്‍ വേണം. ഇപ്പോഴത്തെ ഗായകരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നെന്നും ജാനകി പറഞ്ഞു. മൈസൂരുവിലെ വേദിയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കുവേണ്ടി മലയാളം പാട്ടുകള്‍ പാടുമെന്നും അവര്‍ പറഞ്ഞു.മാനസഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 28ന് വൈകീട്ട് 5.30 മുതല്‍ രാത്രി 10.30 വരെയാണ് എസ് ജാനകിയുടെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.