‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ പതിവുകള്‍ തെറ്റിച്ചു സൈനികര്‍ക്കായി പ്രത്യേക പ്രദര്‍ശനം ; സച്ചിന്റെ സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ്

0

ബാറ്റിങ് ഇതിഹാസവും ഇന്ത്യയുടെ അഭിമാനവുമായ സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ചു നിര്‍മിച്ച സിനിമ മേയ് 26നു റിലീസ് ചെയ്യാനിരിക്കേ് സൈനികര്‍ക്കായി പ്രത്യേക പ്രദര്‍ശനം. സൈനികര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ ഓണററി ഗ്രൂപ്പ ക്യാപ്റ്റന്‍ കൂടിയായ സച്ചിനെക്കുറിച്ചുള്ള പ്രദര്‍ശനം നടത്തിയത്. ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ എന്ന സിനിമയ്ക്കായിട്ട് സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്നതിനിടെയാണു സൈനികരെ മറക്കാതെപോയത്.

സച്ചിന്‍ തന്നെയാണു പ്രദര്‍ശനം സംഘടിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ സുബ്രതോ പാര്‍ക്കിലായിരുന്നു പ്രദര്‍ശനം. സച്ചിന്‍ തന്നെയായിരുന്നു ഓടിനടന്ന് എല്ലാം ചെയ്തതും. സിനിമയ്ക്കുശേഷം മുതിര്‍ന്ന സൈനികര്‍ക്കൊപ്പം ചിത്രങ്ങളുമെടുത്തു. 200 നോട്ട് ഔട്ട് എന്ന ബാനറില്‍ രവി ഭഗ്ചന്ദ്ക നിര്‍മിക്കുന്ന സച്ചിന്റെ ജീവിതകഥ സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് അവാര്‍ഡ് ജേതാവായ ജെയിംസ് എര്‍സ്‌കി ആണ്. ഒരു കൊച്ചുകുട്ടി എന്ന നിലയില്‍നിന്നു സച്ചിന്‍ ക്രിക്കറ്റ് ഇതിഹാസമായി ഉയര്‍ന്നുവന്ന കഥയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സച്ചിന്റെ പൂര്‍ണമായ സമര്‍പ്പണമാണ് സംവിധായകന്‍ എര്‍സ്‌കിയെ ഈ വിഷയത്തിലേക്ക് ആകര്‍ഷിച്ചത്. നിര്‍മാതാവ് ഭഗ്ചന്ദ്കയ്ക്ക് ഈ സിനിമ ഒരു സ്വപ്‌നസാക്ഷാത്കാരമാണ്. കേരളത്തിലും ഛത്തീസ്ഗഡിലും സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചിട്ടുണ്ട്.

കേരളത്തിലും ഛത്തീസ്ഗഢിലും സച്ചിന്റെ സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന്‌നിര്‍മാതാവ് രവി ഭഗ്ചന്ദ്ക പറഞ്ഞു. ഈ സിനിമ ഒരു വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ ആദരവാണ്. ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നതാണ് സച്ചിന്റെ ജീവിതം എന്നും അദ്ദേഹം പറഞ്ഞു.