താരങ്ങള്‍ അത് ക്രിക്കറ്റില്‍ ആണെങ്കിലും മറ്റേതു മേഖലയില്‍ ആണെങ്കിലും അവര്‍ക്ക് ആരാധകര്‍ ഉണ്ടാക്കുക സ്വാഭാവികം. പക്ഷെ താരങ്ങള്‍ അറിയപെടുന്ന പോലെ അവരുടെ ആരാധകരെ ആരെങ്കിലും അറിയാറുണ്ടോ? ഉണ്ടാവില്ല .പക്ഷെ സുധീര്‍കുമാര്‍ ചൗധരി എന്ന മനുഷ്യനെ അറിയാത്ത ഇന്ത്യക്കാര്‍ ചുരുക്കം .ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഇദ്ദേഹം പ്രശസ്തന്‍ തന്നെ .കാരണം ഇദ്ദേഹം ആരാധിക്കുന്നത് മറ്റാരെയും അല്ല സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെയാണ് .ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പ്രധാനഭാഗമാണ് സുധീര്‍കുമാര്‍ ചൗധരി.
പേര് കേട്ടിട്ട് അറിയില്ലെങ്കില്‍ പോലും ക്രിക്കറ്റ് കളി നിരീക്ഷിക്കുന്ന ഏതൊരാളും പല തവണ അദ്ദേഹത്തെ കണ്ടിരിക്കും. ഇന്ത്യ കളിക്കുന്ന സ്‌റ്റേഡിയത്തില്‍ കടുത്ത ചൂടില്‍ പോലും മുഖവും ശരീരവും ത്രിവര്‍ണ്ണ പതാകയുടെ രീതിയില്‍ ചായം പൂശി കയ്യില്‍ പതാകയും വീശി സീറ്റില്‍ ഉണ്ടാകുന്ന ഇദ്ദേഹം പല തവണ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെന്‍ഡുല്‍ക്കറിന്റെ 44ാം ജന്മദിനത്തില്‍ അദ്ദേഹത്തെ വീണ്ടും കാണാനൊരുങ്ങുകയാണ് സുധീര്‍.
സച്ചിന്‍ കളിച്ചിരുന്ന സമയത്ത് ഇന്ത്യ കളിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്‌റ്റേഡിയത്തിലും ഉണ്ടാകാറുള്ള ഈ സച്ചിന്‍ ആരാധകന്‍ രണ്ടു തവണ പാകിസ്താനിലേക്കും ബംഗ്‌ളാദേശിലേക്കും വരെ സച്ചിനെ കാണാന്‍ പോയിട്ടുണ്ട്. ഇതിനുമപ്പുറത്ത് 2015 ലെ ആസ്‌ട്രേലിയ ന്യൂസിലന്റ് ലോകകപ്പിലും സച്ചിന്റെ ഭാഗമായി പോയിരുന്നു. ഇംഗ്‌ളണ്ടിലും വെയ്ല്‍സിലുമായി നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാനായി പോകാനാണ് സുധീര്‍ ഏറ്റവും ഒടുവിലായി തീരുമാനം എടുത്തിരിക്കുന്നത്.2002 മുതല്‍ ടീം ഇന്ത്യയുടെ ഭാഗമാണ് ഇദേഹം .2002 ല്‍ കൊല്‍ക്കത്ത ഈഡന്‍സ് ഗാര്‍ഡനില്‍ അദ്ദേഹം ഇംഗ്‌ളണ്ടിനെതിരേ 36 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോഴാണ് സച്ചിന് വേണ്ടി ഇനി മുഴുവനും സമര്‍പ്പിക്കാമെന്ന് സുധീര്‍കുമാര്‍ തീരുമാനിച്ചത്. തൊട്ടടുത്ത വര്‍ഷം ന്യൂസീലാന്റിനെയും ഓസ്‌ട്രേലിയയെയും ഉള്‍പ്പെടുത്തിയുള്ള ത്രിരാഷ്ട്ര ടൂര്‍ണമെന്റു മുതല്‍ സുധീര്‍ ഇത് പാലിച്ചുതുടങ്ങി. 2003 ഒക്‌ടോബര്‍ 29 ന് ട്രിഡന്റ് ഹോട്ടലില്‍ വെച്ച് തന്റെ കാലില്‍ വീണ ആരാധകനെ തെന്‍ഡുല്‍ക്കര്‍ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു.
സച്ചിന്റെ കാലില്‍ വണങ്ങാന്‍ വേലിചാടിയതിന് പോലീസുകാരുടെ തല്ല് വരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടണ്ട് സുധീറിന് . 2011 ലോകകപ്പാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്നും ഇയാള്‍ പറയുന്നു. ആറ് ലോകകപ്പ് കളിച്ച സച്ചിന്റെ അവസാന ലോകകപ്പായിരുന്നു 2011 ലേത്. ഈ സമയത്ത് തന്റെ തലയില്‍ ഒരു ചെറിയ ലോകകപ്പും സുധീര്‍ വരച്ചിരുന്നു. ഇന്ത്യ കപ്പ് നേടിയതിന്റെ ആഘോഷം വാങ്കഡേയില്‍ നടക്കുമ്പോള്‍ സച്ചിന്‍ സുധീറിനെ ഡ്രസ്സിംഗ് റൂമിലേക്ക് വിളിപ്പിക്കുക വരെ ചെയ്തു .
സുധീറിന് സ്വന്തമായി ഒരു ജോലിയും ഇല്ല. സച്ചിനെയും ഇന്ത്യന്‍ ടീമിനെയും മുഴുവന്‍ സമയവും പിന്തുടരുന്നതിനാല്‍ ജോലിയ്ക്ക് നല്‍കാന്‍ സമയമില്ല എന്നാണ് സുധീര്‍ പറയുന്നത് .സച്ചിന്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് സച്ചിന്‍ 10 എന്ന് ബോഡിപെയ്ന്റ് ചെയ്തിരുന്ന സുധീര്‍ ഇപ്പോള്‍ ചെയ്യുന്നത് മിസ് യൂ തെന്‍ഡുല്‍ക്കര്‍ എന്നെഴുതിയാണ്. സച്ചിന്‍ ഇല്ലെങ്കിലും ടീമിനെ പിന്തുണച്ച് ഇപ്പോഴും സുധീര്‍ കൂടെയുണ്ട്. തന്നെ സ്‌റ്റേഡിയത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എന്നെങ്കിലും കാണാതായാല്‍ താന്‍ മരിച്ചെന്ന് കരുതിയാല്‍ മതിയെന്നും ഇയാള്‍ പറയുന്നു.