സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാര്‍ കീഴടങ്ങി

0

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ (73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍ ജയിലിലേക്കു കൊണ്ടുപോകും. ഡല്‍ഹിയിലെ കോടതിയിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.
സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഡിസംബര്‍ 17ന് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കീഴടങ്ങുന്നതിന് മുന്‍പായി കുടുംബകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായി ഒരുമാസം സമയം സജ്ജന്‍ കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ 6 പ്രതികളും 31നു കീഴടങ്ങണമെന്നും ഡല്‍ഹി വിട്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വിധിക്കു പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു. നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തില്‍ 3000 ഓളം പേരാണ് കൊല്ലപ്പെട്ടത്.
മുന്‍ എംഎല്‍എമാരായ മഹേന്ദര്‍ യാദവ്, കിഷന്‍ ഖോഖര്‍, നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഭാഗ്മല്‍, കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ബല്‍വാന്‍ ഖോഖര്‍, ഗിര്‍ധാരി ലാല്‍ എന്നിവരാണു മറ്റു പ്രതികള്‍.