സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി
സിഡ്നി: ലോകസിനിമയെ വിസ്മയിപ്പിച്ച 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഖ്യാത ഹോളിവുഡ് നടൻ സാം നീൽ വിടവാങ്ങി. അർബുദ രോഗത്തിൽ നിന്ന് പൂർണ്ണമായി മുക്തനായി ചലച്ചിത്ര ലോകത്തേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഡോ. അലൻ ഗ്രാന്റും മേജർ കാംബെല്ലും ഇനി ഓർമ്മ
1993-ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത 'ജുറാസിക് പാർക്ക്' എന്ന ചിത്രത്തിലെ 'ഡോ. അലൻ ഗ്രാൻഡ്' എന്ന ഡൈനസോർ ഗവേഷകന്റെ കഥാപാത്രമാണ് സാം നീലിനെ ആഗോളതലത്തിൽ പ്രശസ്തനാക്കിയത്. പിന്നീട് ഈ ഫ്രാഞ്ചൈസിയുടെ ഭാഗമായി പുറത്തിറങ്ങിയ 'ജുറാസിക് പാർക്ക് 3', 'ജുറാസിക് വേൾഡ് ഡൊമിനിയൻ' എന്നീ ചിത്രങ്ങളിലും അദ്ദേഹം ഇതേ വേഷത്തിൽ തിളങ്ങി. കൂടാതെ, ലോകമെമ്പാടും തരംഗമായ 'പീക്കി ബ്ലൈൻഡേഴ്സ്' എന്ന പരമ്പരയിലെ വില്ലൻ കഥാപാത്രമായ 'മേജർ ചെസ്റ്റർ കാംബെൽ' പുതിയ തലമുറയിലെ സിനിമാ പ്രേമികൾക്കിടയിലും അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കിയിരുന്നു.
രോഗത്തോടുള്ള പോരാട്ടവും നേട്ടങ്ങളും
2022-ൽ സ്റ്റേജ്-3 ലിംഫോമ (രക്താർബുദം) ബാധിച്ച താരം ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം 2026 ഏപ്രിലിലാണ് രോഗമുക്തനായത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 150-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1977-ൽ 'സ്ലീപ്പിംഗ് ഡോഗ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാം നീൽ, 'റെയ്‌ലി: എയ്സ് ഓഫ് സ്പൈസസ്' എന്ന ചിത്രത്തിലൂടെയാണ് തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിയത്. പിന്നീട് 'വൺ എഗെയ്ൻസ്റ്റ് ദ വിൻഡ്', 'മെർലിൻ' എന്നീ ചിത്രങ്ങളിലൂടെ രണ്ട് തവണ കൂടി ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും, രണ്ട് തവണ പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങളും അദ്ദേഹം സ്വന്തമാക്കി.
സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1991-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ' (OBE) പദവിയും, 2007-ൽ 'സർ' പദവിയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് പരമ്പര 'അൺറ്റെയിംഡ്', ഡൊണാൾഡ് പീറ്ററിയുടെ 'ദി ലാസ്റ്റ് റിസോർട്ട്' എന്നിവയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾ. 'ഡിഡ് ഐ എവർ ടെൽ യൂ ദിസ്' എന്ന പേരിൽ ഒരു ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രവർത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.