സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ആക്കാന്‍ കമ്പനിയുടെ അഭ്യര്‍ത്ഥന. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണുകള്‍ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഉപയോഗിക്കുന്നത് നിര്‍ത്താനും കമ്പനി തന്നെ ഉപഭോക്താക്കളോട് നേരിട്ട് ആവശ്യപ്പെട്ടത്.
സാംസങ്ങ്, ഗാലക്സി നോട്ട് 7ന്റെ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇടക്കാലത്ത് സ്മാർട്ട് ഫോൺ വിപണിയിൽ തളർച്ച നേരിട്ട സാംസങ്, വീണ്ടും മുഖ്യധാരയിൽ ചുവടുറപ്പിച്ചു വരുമ്പോഴാണ് ഗാലക്സി നോട്ട് 7ന്റെ രൂപത്തിൽ വീണ്ടും തിരിച്ചടി നേരിടുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് 25 ലക്ഷത്തോളം ഗാലക്സി നോട്ട് 7 ഫോണുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം പ്രശ്നങ്ങളില്ലാത്തതെന്ന പേരിൽ ഫോണുകൾ നൽകുകയും ചെയ്തു.എന്നാൽ, പകരം നൽകിയ ഫോണുകളും ഇതേ അപകടം സൃഷ്ടിക്കുന്നത് വ്യാപകമായതോടെയാണ് ഇതിന്റെ ഉപയോഗം അവസാനിപ്പിക്കാൻ കമ്പനി ഉപഭോക്താക്കൾക്ക് നിർദേശം നൽകിയത്.