സാംസങ്ങിന്റെ ഗ്യാലക്സിയും ആപ്പിളിന്റെ ഐഫോണും തമ്മിലുള്ള മത്സരവും ഇടക്കുണ്ടായ കേസുകള്‍ പുലിവാലുമെല്ലാം ഇടക്ക് വാര്‍ത്തകളില്‍ ഇടംപിടിച്ച്ച സംഭവമാണ്. ഐഫോൺ X ഹാൻഡ്സെറ്റുകൾ വിപണിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇതാ ഐഫോണിനെ കണക്കറ്റ് പരിഹസിച്ച് സാംസങ്ങിന്റെ ഏറ്റവും പുതിയ പരസ്യം.
ആപ്പിളിന്റെ ഐഫോണിനെ കൊന്നു കൊലവിളിച്ച്, പരിഹസിക്കുന്ന ഗ്യാലക്സി പരസ്യമാണ് സാംസങ് മൊബൈലിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ X ലെ പ്രധാന ഭാഗങ്ങളിലൊന്നായ ഒഎൽഇഡി ഡിസ്പ്ലെ ഉൾപ്പടെയുള്ള ചില ടെക്നോളജി ഉൽപ്പന്നങ്ങൾ നൽകുന്നത് തന്നെ സാംസങ്ങാണ്. ഇതിലൂടെ ഓരോ വർഷവും കോടികളുടെ വരുമാനമാണ് ആപ്പിളിൽ നിന്ന് സാംസങ് സ്വന്തമാക്കുന്നത്. എന്നിരിക്കേയാണ് ഈ പരിഹാസ പരസ്യമെന്നതും ശ്രദ്ധേയമാണ്.
2007 ല്‍ ഐഫോണ്‍ ആരാധകനായ ഒരാൾ 2017 ൽ എത്തിനിൽക്കുമ്പോൾ സാംസങ് ഉപഭോക്താവാകുന്നതാണ് പരസ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സാംസങ് ഫോണുകളിലെ ഫീച്ചേഴ്‌സ് ഐഫോൺ കോപ്പിയടിച്ചതാണെന്നും പരസ്യത്തിൽ പറയുന്നു. തുടക്കത്തിൽ ഐഫോണ്‍ വാങ്ങിക്കാൻ നില്‍ക്കുന്ന നീണ്ട നിര പത്തു വർഷം കഴിയുമ്പോൾ കുറയുന്നതും പരസ്യത്തില്‍ കാണിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈന ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫീച്ചേഴ്‌സാണ് 2017 ൽ ഇറങ്ങിയ ഐഫോണില്‍ ഉള്ളതെന്നാണ് പ്രധാന ആരോപണം.
എല്ലാ വർഷവും ഐഫോണിനു മുൻപെ പുറത്തിറങ്ങുന്ന ഗ്യാലക്സി ഹാൻഡ്സെറ്റിലെ പുതുമയുള്ള ഫീച്ചറുകളെയും പരസ്യത്തിൽ എടുത്തു കാണിക്കുന്നുണ്ട്. രണ്ടു ഹാൻഡ്സെറ്റുകളും വെള്ളത്തിൽ വീഴുന്നതും ഗ്യാലക്സി വാട്ടർപ്രൂഫ് ആണെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു. ഗ്യാലക്സി നോട്ട് 8 ന്റെ അതിവേഗ വയർലെസ് ചാർജിങ് ടെക്നോളജിയും പരിചയപ്പെടുത്തുന്നു. പരസ്യത്തിന്റെ അവസാന ഭാഗം ഇങ്ങനെ, ഐഫോൺ X വാങ്ങാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂവിനു സമീപത്തു കൂടെ ഗ്യാലക്സി നോട്ട് 8 ഉപയോഗിച്ചു പോകുന്ന യുവാവിനെയാണ് കാണിക്കുന്നത്. ഐഫോണിനെ പരിഹസിച്ചുള്ള സാംസങ് പരസ്യം ഇത് ആദ്യ സംഭവമല്ല. വർഷങ്ങൾക്ക് മുന്‍പ് ഐഫോൺ 6 പുറത്തിറങ്ങിയപ്പോഴും പരിഹാസ പരസ്യം പുറത്തിറക്കിയിരുന്നു.
https://youtu.be/R59TevgzN3k