സോഷ്യൽ മീഡിയയിൽ ഒന്നിനുപുറകെ മറ്റൊന്നായി പല തരത്തിലുള്ള ചലഞ്ചുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ട്വിറ്ററിലാകെ സാരി കാലമാണ്. സാരി ട്വിറ്റർ(#sareeTwitter) എന്ന പേരിലാണ് പുതിയ ചലഞ്ച്. തിങ്കളാഴ്ച മുതലാണ് സാരി ട്രെന്‍ഡ് ട്വിറ്ററില്‍ ഹിറ്റായത്. ഇതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ജുംക്ക ട്വിറ്റര്‍, പഗ്ഡി ട്വിറ്റര്‍, കുര്‍ത്ത ട്വിറ്റര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് പിറകെ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് # സാരി ട്വിറ്റര്‍.രാഷ്ട്രീയക്കാരെന്നോ, സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ലാതെ ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരി ധരിച്ച് സുന്ദരികളായി സ്ത്രീകളെല്ലാം ഈ ഹാഷ്ടാഗിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്.
കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി പോസ്റ്റ് ചെയ്ത ചിത്രം വളരെ ശ്രദ്ധനേടി. 22 വർഷം മുൻപ് കല്യാണത്തിനെടുത്ത ചിത്രമാണ് പ്രിയങ്ക ഹാഷ്‌ടാഗിനൊപ്പം പങ്കുവെച്ചത്. വിവാഹദിവസം പൂജ വേളയിൽ എടുത്ത ചിത്രമാണിതെന്നും പ്രിയങ്ക കുറിച്ചു.പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം 4,000 ലൈക്കുകളും 100-ല്‍ അധികം കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.
പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരിച്ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചവരില്‍പ്പെടുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല. ഇസ്രയേല്‍ എംബസിയിലെ വനിതകളും ഇന്ത്യന്‍ സാരിയുടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലാണിപ്പോള്‍യ കൂടാതെ നിരവധി വനിതാ പത്രപ്രവര്‍ത്തകരും ഐപിഎസുകാരും ഇപ്പോള്‍ സാരി ട്രന്‍റിന് പുറകേയാണ്.