ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തി. വിമാനത്താവളത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദിൽനിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്.
ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധ – വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ സൈനിക വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി വരവേറ്റു.
നാളെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തോടെയാണ് സന്ദര്‍ശനമാരംഭിക്കുക. 10.45ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. പ്രതിനിധി തല ചര്‍ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും അഞ്ച് കാരാറുകളില്‍ ഒപ്പ് വെക്കും. മന്ത്രി തല സമിതിയായ തന്ത്രപരമായ പങ്കാളിത്ത കൗൺസിലിനു രൂപം നൽകും.
പ്രതിരോധ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പു വെക്കും. നാവിക പരിശീലനത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാനും ധാരണയായിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണവും ചര്‍ച്ചചെയ്യുമെന്നാണ് സൂചന. 7:30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷം 11:50ന് ചൈനയിലേക്ക് പോകും. പാക് സന്ദര്‍ശനത്തില്‍ 2000 കോടി ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ സൗദി ഒപ്പുവെച്ചിരുന്നു.