സൗദി അറേബ്യ: വിസയില്ലാതെ തന്നെ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കം. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ … എങ്കിൽ ഇത് സത്യമാണ്. ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമല്ല. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുക.ഈ വർഷം അവസാനത്തോടെ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെയൊ ഓണ്‍ അറൈവല്‍ വിസ കരസ്ഥമാക്കിയോ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കും.
ഇലക്ട്രോണിക് വിസ സംവിധാനം വഴി ഒമ്പതിനായിരത്തോളം ടൂറിസ്റ്റ് വിസകള്‍ ഈയടുത്ത് സൗദി അനുവദിച്ചിരുന്നു. പതിനാല് ദിവസത്തെ കാലാവധിയുള്ള വിസയ്ക്ക് അറുനൂറ്റി നാല്പത് റിയാലായിരുന്നു ഈടാക്കിയിരുന്നത്.
റിയാദിലെ ഖിദ്ധിയ്യ മെഗാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം 2022 -ല്‍ തുറന്നു കൊടുക്കുന്നതാണ്. കൂടാതെ, ആദ്യഘട്ടം തുറന്നു കൊടുത്താല്‍ തന്നെ വര്‍ഷത്തില്‍ പതിനഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തിൻറെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ ധനവിനിയോഗം 2020 ഓടെ 4660 കോടി ഡോളറായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്