വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ നൂതന സംവിധാനവുമായി സൗദി ജവാസത്ത്

0

റിയാദ്: വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട് ഡയറക്ട്രേറ്റ് ഉപയോഗിക്കുന്നത് നാല് നൂതന സാങ്കേതിക ഉപകരണങ്ങളാണ്. ഇതിലൊന്ന് വ്യാജ രേഖകൾ കണ്ടെത്തുന്നതിനാണ്.

ലോകത്തെ വിവിധ രാജ്യങ്ങളുടെ 250-ലേറെ തരം പാസ്‌പോർട്ടുകളുടെ ഡാറ്റാബേസാണ് ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രാരേഖകളിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് വേഗത്തിൽ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.

കൂടാതെ ‘മൊബൈൽ ബാഗ്’ സേവനവും പാസ്‍പോര്‍ട്ട് വകുപ്പിനുണ്ട്. ഇത് സമ്പൂർണ പാസ്‌പോർട്ട് പ്ലാറ്റ്‌ഫോമാണ്. അത്യാവശ്യ ഘട്ടങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇതിലൂടെയും യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അവരുടെ ബയോമെട്രിക് അടയാളങ്ങൾ രേഖപ്പെടുത്താനും സാധിക്കും. അതിൽ ഘടിപ്പിച്ച ഡോക്യുമെന്റേഷൻ കാമറ വഴി ആളുകളുടെ സുപ്രധാന ബയോമെട്രിക്ക് അടയാളങ്ങളിലൂടെ ഐഡന്റിറ്റി പരിശോധിക്കാനാകുമെന്നും പാ‍സ്‍പോർട്ട് വക്താവ് പറഞ്ഞു.