സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് പടിയിറങ്ങുന്നു

0

സൗദി അറേബ്യയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച സൗദി രാജാവായി കിരീടധാരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകരം മൊഹമ്മദ് ബിന്‍ സല്‍മാന് അധികാര കൈമാറ്റം അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും പാശ്ചാത്ത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭരണത്തിലിരിക്കെ സൗദിയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്ന എംബിഎസിന്റെ കൈകളിലേക്ക് സൗദിയുടെ സമ്പൂര്‍ണ നിയന്ത്രണം എത്തുന്നതോടെ സൗദിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് സൂചന.

നാടകീയമായ തിരിമറികള്‍ നടന്നില്ലെങ്കില്‍ അടുത്തയാഴ്ച തന്നെ പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കലും കിരീടധാരണവും അധികാര കൈമാറ്റവും നടക്കും. അഴിമതിയാരോപണത്തെ തുടര്‍ന്ന് 40 രാജകുമാരന്മാരെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് കഴിഞ്ഞയാഴ്ച ആയിരുന്നു. അഴിമതി വിരുദ്ധ കമ്മീഷന്റെ തലവനായി നിയോഗിതനായതിന് പിന്നാലെയായിരുന്നു ഇത്. അധികാര കൈമാറ്റം നടക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍.

കിരീടധാരണത്തിന് തൊട്ടു പിന്നാലെ രാജകുമാരന്‍ എണ്ണ കാര്യത്തില്‍ മദ്ധ്യേഷ്യയിലെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായ ഇറാനിലേക്ക് ശ്രദ്ധ തിരിക്കുമെന്നും കഴിയുമെങ്കില്‍ സൈനിക നടപടി തന്നെ നോക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇറാനെ സൈനികമായി സഹായിക്കുന്ന ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഇസ്രായേലിന്റെ സഹായവും സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇത്തരം കാര്യങ്ങളില്‍ രാജകുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശം കൂടി അനുസരിച്ചായിരിക്കും നീക്കങ്ങള്‍. എന്നാല്‍ അധികാരം മകന് കൈമാറിയാലും സല്‍മാന്‍ രാജാവ് സൗദിയുടെ ഔദ്യോഗിക തലവനായി തുടരുമെന്നും സൂചനയുണ്ട്.

സൗദിയെ പുതിയ കാലത്തിന് അനുസൃതമായി പരിവര്‍ത്തനപ്പെടുത്തുന്നതിനായി രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യം മുതല്‍ മൗലികാവകാശങ്ങള്‍ വരെ പുനഃസ്ഥാപിക്കുമെന്ന് രാജകുമാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി കടുംപിടിത്തക്കാരായ മുസ്ലിം പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ളവരെ പ്രതിഷ്ഠിക്കുമെന്നും ഈ വിധത്തില്‍ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കുമെന്നുമാണ് എംബിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ കീരീടാവകാശിയായി വാഴിക്കപ്പെട്ട എംബിഎസ് സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് നിരോധനം പിന്‍വലിച്ചതിന് പുറമെ മിക്സഡ്-ജെന്‍ഡര്‍ നാഷണല്‍ ഡേയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.