സൗദിയില്‍ സ്വദേശിവത്കരണതോത് ഉയർത്താൻ പുതിയ പദ്ധതിയുമായി തൊഴിൽ മന്ത്രാലയം

0

റിയാദ്: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണതോത് ഉയർത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. തൊഴിൽ നിയമ ലംഘനത്തിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴ ഒഴിവാക്കുന്നതിന് പകരമായി ഇനി കൂടുതൽ സ്വദേശികളെ ജോലിക്കു വെച്ചാൽ മതിയാകും.ഇതിലൂടെ തൊഴിൽ നിയമ ലംഘനത്തിന് ചുമത്തപ്പെടുന്ന പിഴ എഴുതിത്തള്ളി സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

നിയമലംഘനത്തിനുള്ള പിഴകൾ എഴുതിത്തള്ളുന്നതിനു പകരം സ്ഥാപനങ്ങൾ കൂടുതൽ സ്വദേശികളെ ജോലിക്കുവെച്ചു നിശ്ചിത അനുപാതത്തിലേക്ക് സ്വദേശിവത്കരണം വർദ്ധിപ്പിക്കേണ്ടിവരും. സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിന് സ്ഥാപനങ്ങൾക്കു ബദൽ സംവിധാനും ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതി പ്രയോജനപ്പെടുത്തുന്നതിനു നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളുമായി തൊഴിൽ മന്ത്രാലയം ഒരു വർഷം കാലാവധിയുള്ള കരാർ ഒപ്പുവെക്കും. അതേസമയം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖത് പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ച് പച്ചയും അതിനു മുകളിലുള്ള വിഭാഗങ്ങളിലും ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്കു മാത്രമേ പുതിയ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയൂ. കൂടാതെ സ്ഥാപനങ്ങൾ വേതന സുരക്ഷാ നിയമം കർശനമായും പാലിച്ചിരിക്കണം. നിയമ ലംഘനങ്ങൾക്കു പിഴ ചുമത്തിയതിൽ സ്ഥാപനങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പിഴ ചുമത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താനാകില്ല.